f

ഹരിപ്പാട്: പാർട്ടി യോഗത്തിനിടെ വനിതാ നേതാവിനെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന പരാതിയിൽ കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസിനും ഭാര്യ ഷേർലിക്കുമെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ 9ന് ഹരിപ്പാട്ട് നടന്ന എൻ.സി.പി യോഗത്തിനിടെ, നാഷണലിസ്റ്റ് വനിതാ കോൺഗ്രസിന്റെ ജില്ലാ നേതാവിനെ പൊതുവേദിയിൽ ആക്ഷേപിച്ചെന്നാണ് പരാതി.

ഹരിപ്പാട് നിയോജക മണ്ഡലത്തിലെ യോഗത്തിൽ മണ്ഡലത്തിന് പുറത്തുള്ളവരും എം.എൽ.എയുടെ ഭാര്യയും എത്തിയിരുന്നു. മണ്ഡലത്തിനു പുറത്തുള്ളവർ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് വനിതാ നേതാവ് പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതോടെ എം.എൽ.എയും ഭാര്യയും ജാതീയമായി ആക്ഷേപിച്ചെന്നാണ് നേതാവ് ഹരിപ്പാട് പൊലീസിൽ നൽകിയ പരാതി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. എം.എൽ.എയ്ക്കും ഭാര്യക്കും എതിരെ എസ്.സി, എസ്.ടി ആക്ട് പ്രകാരമാണ് കേസ്. എം.എൽ.എയാണ് ഒന്നാംപ്രതി. ഭാര്യ രണ്ടാം പ്രതി.