മാന്നാർ: ക്രിസ്മസിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുലർച്ചെ മാന്നാറും പരിസര പ്രദേശങ്ങളും മൂടൽ മഞ്ഞിൽ മുങ്ങി. പരസ്പരം കാണുവാൻ കഴിയാത്ത വിധത്തിൽ മൂന്നാറിനെപ്പോലെയായിരുന്നു മഞ്ഞ് പുതച്ച് മാന്നാർ കിടന്നത്. എട്ടു മണികഴിഞ്ഞിട്ടും സൂര്യനെ കാണാനാവാത്തവിധം മഞ്ഞായിരുന്നു. ഒമ്പതോടു കൂടിയാണ് മഞ്ഞ് മാറി തുടങ്ങിയത്. ദിവസങ്ങൾക്കു മുമ്പ് സൂര്യാതാപത്തിനു വരെ കാരണമാകുന്ന ചുട്ടുപൊള്ളുന്ന പകലായിരുന്നു. എന്നാൽകഴിഞ്ഞ ദിവസങ്ങളിലെ വൈകിട്ടോടെ ഇടി മിന്നലോടു കൂടിയ മഴ ജനങ്ങൾക്ക് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. നിരവധി പേരാണ് പനിയും ചുമയുമായി ആശുപത്രികളിൽ ചികിത്സ തേടുന്നത്.