ആലപ്പുഴ: ചിറപ്പ് മഹോത്സവത്തിന് കൊടിയേറിയതോടെ നഗരം ഉത്സവഛായയിലായി. അന്യസംസ്ഥാന കച്ചവടക്കാരടക്കം വീഥികൾ കൈയടക്കി. വൈദ്യുത ദീപാലങ്കാരങ്ങളും വർണത്തോരണങ്ങളും വീഥികളിൽ നിറഞ്ഞു. കൊവിഡിന് ശേഷം ആഘോൽ പൂർണമായ ചിറപ്പിന് അലങ്കാര ഗോപുരങ്ങളും മിഴി തുറന്നു. പതിവിലധികം കച്ചവടക്കാരാണ് ഇത്തവണ മുല്ലയ്ക്കൽ കേന്ദ്രീകരിച്ച് കച്ചവടത്തിന് എത്തിയിരിക്കുന്നത്. കൊവിഡ് സമ്മാനിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന ചിറപ്പായതിനാൽ കൂടുതൽ ജനത്തിരക്കും പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ ദിനത്തിൽ തന്നെ പകൽ സമയത്ത് പോലും തെരുവുകൾ ജനനിബിഡമായിരുന്നു. മുല്ലയ്ക്കൽ ക്ഷേത്തിന് മുന്നിൽ പൊലീസ് താത്കാലിക ഏയ്ഡ് പോസ്റ്റ് തുറക്കുന്നുണ്ട്. 20 ന് കിടങ്ങാംപറമ്പ് ക്ഷേത്രത്തിലും ഉത്സവം ആരംഭിക്കുന്നതോടെയും, പരീക്ഷകൾ അവസാനിക്കുന്നതോടെയും ജനത്തിരക്ക് വർദ്ധിക്കും. കരിമ്പ്, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, ഇൻസ്റ്റന്റ് മൈലാഞ്ചി, വർണ ബലൂണുകൾ തുടങ്ങിയ പതിവ് ഇനങ്ങൾക്ക് പുറമേ വിവിധയിനം പുത്തൻ ഐറ്റങ്ങളുമായാണ് കച്ചവടക്കാർ അണിനിരന്നിരിക്കുന്നത്.

......

ബീച്ച് ഫെസ്റ്റുണ്ട്

ബീച്ചിൽ സമാന്തര ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനാൽ ബീച്ച് ഫെസ്റ്റ് ഒഴിവാക്കാമെന്ന തീരുമാനത്തിൽ നിന്ന് അധികൃതർ പിൻവാങ്ങുന്നു. ജനതാത്പര്യം കണക്കിലെടുത്താണ് ഫെസ്റ്റ് നടത്താൻ ആലോചനായോഗം തീരുമാനിച്ചിരിക്കുന്നത്. പതിവ് ഫുഡ് ഫെസ്റ്റ് ഇത്തവണയുണ്ടാവില്ല. മറ്റ് കലാപരിപാടികൾ പതിവ് പോലെ നടക്കും. ചിറപ്പ് മഹോത്സവം അവസാനിക്കുന്ന മുറയ്ക്ക് 27 മുതൽ 31 വരെ ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ച് ഫെസ്റ്റ് നടത്താനാണ് ആലോചന. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസിന്റെ കൂടി നിർദ്ദേശം കണക്കിലെടുത്താണ് ചിറപ്പ് അവസാനിക്കാൻ കാത്തിരിക്കുന്നത്. ആലപ്പുഴ കൂടാതെ മാരാരി, അർത്തുങ്കിൽ ബീച്ചുകളിലും ഇത്തവണ ബീച്ച് ഫെസ്റ്റ് അരങ്ങേറും.

.........

''ആലപ്പുഴയിൽ ബീച്ച് ഫെസ്റ്റ് നടത്താമെന്നാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ബൈപ്പാസിന്റെ പണി നടക്കുന്നതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫുഡ്ഫെസ്റ്റ് ഒഴിവാക്കും

ഡി.ടി.പി.സി അധികൃതർ

''കഴിഞ്ഞ രണ്ട് വർഷങ്ങളിലും നഷ്ടപ്പെട്ട ചിറപ്പാവേശം ഇത്തവണ തിരിച്ച് പിടിക്കണം. ഒന്നും വാങ്ങിയില്ലെങ്കിലും, ഉത്സവത്തിരക്കിൽ കൂടി കൂട്ടുകാർക്കൊപ്പം നടക്കുന്നതൊരു ലഹരിയാണ്. ചിറപ്പ് ദിനങ്ങൾ കണക്കാക്കിയാണ് വിദേശത്ത് നിന്ന് ലീവെടുത്ത് നാട്ടിലെത്തിയത്

വിശാൽ ജേക്കബ്, ആലപ്പുഴ