തുറവൂർ: നാട്ടുകാരെ ഭീതിയിലാഴ്ത്തി ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിൽ വിഷ പാമ്പുകൾ നിറഞ്ഞാടുന്നു. എഴുപുന്ന, തുറവൂർ പഞ്ചായത്തുകളിൽ രണ്ട് വീട്ടമ്മമാരുടെ ജീവനുകളാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ പാമ്പ് കടിയേറ്റ് പൊലിഞ്ഞത്. മൂർഖനും അണലിയുമാണ് നാട്ടിൻപുറങ്ങളിൽ ഭീതി പരത്തുന്നത്. അരൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ 6 മാസത്തിനിടെ ഒരു ഡസനിലധികം പേർക്കാണ് പാമ്പുകടിയേറ്റത്. കുട്ടികളും ഇതിലുൾപ്പെടും. എഴുപുന്ന പഞ്ചായത്ത് 14-ാം വാർഡ് മഠത്തിൽ ജനാർദ്ദനന്റെ ഭാര്യ ശശികല (55) കഴിഞ്ഞ 7നാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3 ന് വളമംഗലം തിരുഹൃദയപള്ളിയ്ക്ക് വടക്കുഭാഗത്ത് തൊഴിലുറപ്പ് ജോലിയ്ക്കിടെ തുറവൂർ വളമംഗലം വടക്ക് കളരിക്കൽ വീട്ടിൽ ചന്ദ്രബാബുവിന്റെ ഭാര്യ സുനന്ദ (56) അണലിയുടെ കടിയേറ്റ് മരിച്ചു. രാപ്പകൽ വീട്ടുമുറ്റങ്ങളിൽ പോലും പാമ്പുകൾ വിഹരിക്കുകയാണ്. സമീപത്തെ സർക്കാർ ആശുപത്രികളിൽ വിഷചികിത്സ സൗകര്യം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.