അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്‌കൂളിലെയും അറവുകാട് ഐ.ടി.സി യിലേയും വിദ്യാർത്ഥികൾ പരസ്‌പരം ഏറ്റുമുട്ടി. സംഘർഷത്തിലേർപ്പെട്ട15 വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കൗൺസിലിംഗ് നൽകി വിട്ടയച്ചു. ഇന്ന് വൈകിട്ട് നാലിന് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഐ.ടി.സി.യിലെ ഒരു വിദ്യാർത്ഥി അറവുകാട് സ്‌കൂളിലെ വിദ്യാർത്ഥിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് സംഘർഷം നടന്നത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞതിനു ശേഷം ആറു വിദ്യാർത്ഥികൾ ഐ.ടി.സിയുടെ മുന്നിലെത്തി അവിടെ നിന്നിരുന്ന ഐ.ടി.സിയിലെ ഒമ്പത് വിദ്യാർത്ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് ഇടപെട്ടത്.അറവുകാട് സ്‌കൂളിലെ വിദ്യാർത്ഥികൾ ഐ.ടി.സി യുടെ ക്യാമ്പസിലേക്ക് കടക്കുകയും ചെയ്‌തു. വിദ്യാർത്ഥികളായതിനാൽ കൗൺസിലിംഗ് നൽകി വിട്ടയയ്‌ക്കാനാണ് പൊലീസ് തീരുമാനം. ഐ.ടി.സിയിലെ ഒമ്പത് വിദ്യാർത്ഥികളെ 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു.