ഹരിപ്പാട്: ആലപ്പുഴ കൗണ്ടി ക്രിക്കറ്റ്‌ ക്ലബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള പ്രൈസ് മണി ക്രിക്കറ്റ് ടൂർണമെന്റ് നാളെ രാവിലെ 9 ന് ചേപ്പാട് എൻ.ടി.പി.സി ഗ്രൗണ്ടിൽ ആരംഭിക്കും. ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ അസി. സെക്രട്ടറി സിനിൽ സബാദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ ടീമുകളായ സ്വാണ്ടൺസ് കൊച്ചിൻ, മുരുകൻ സി.സി ട്രിവാൻഡ്രം, രഞ്ജി സി.സി ട്രിവാൻഡ്രം, ഫൈറ്റേഴ്സ് ആലപ്പി, ഏരീസ് പട്ടോഡി കൊല്ലം അടക്കം 20 ടീമുകൾ പങ്കെടുക്കും. നോക്ക് ഔട്ട്‌ അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. വിജയികൾക്ക് കാഷ് പ്രൈസും, ട്രോഫികളും നൽകും. മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരിസ്, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, എന്നിവർക്കുള്ള സമ്മാനങ്ങളും ഉണ്ടാകും. 25 ഓവറുകളിൽ പ്രാഥമിക മത്സരങ്ങളും, 40 ഓവറുകളിൽ സെമിയും, ഫൈനലും നടക്കും. 31 ന് ടൂർണമെന്റ് സമാപിക്കും.