photo
അനുജന്റെ പഠനം മുടങ്ങാതിരിക്കാൻ കളക്ടറോട് അഭ്യർത്ഥനയുമായി എത്തിയ വിദ്യാർത്ഥിനി

ചേർത്തല:എൻജിനീയറിംഗ് വിദ്യാർത്ഥിയായ കുഞ്ഞനിയന്റെ പഠനം മുടങ്ങാതിരിക്കാൻ കളക്ടർ വി.ആർ.കൃഷ്ണതേജക്ക് മുന്നിലെത്തിയ വിദ്യാർത്ഥിനിക്ക് സന്തോഷത്തോടെ മടക്കം.അനുജന്റെ പഠന ചിലവ് കളക്ടറുടെ നിർദ്ദേശ പ്രകാരം ചേർത്തലയിലെ അഖിലാഞ്ജലി ഗ്രൂപ്പ് ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ പി.ഡി.ലക്കി ഏ​റ്റെടുത്തു.
കഴിഞ്ഞ ദിവസമാണ് തോട്ടപ്പള്ളി സ്വദേശിനിയായ വിദ്യാർത്ഥിനി നിറകണ്ണുകളോടെ കളക്ടർക്കു മുന്നിലെത്തിയത്.കഴിഞ്ഞ വർഷം അച്ഛനും അമ്മയും നഷ്ടപ്പെട്ട ഇവരുടെ പഠനം പാതിവഴിയിൽ മുടങ്ങുന്ന സ്ഥിതിയായിരുന്നു.സാമ്പത്തിക പ്രതിസന്ധി മൂലം ചേച്ചിയുടെ എം.ബി.ബി.എസ് പഠനം മുടങ്ങിയെങ്കിലും അനിയന്റെ പഠനം മുടങ്ങാതിരിക്കാനാണ് സഹായം തേടിയെത്തിയത്.
ഉടൻ തന്നെ കളക്ടർ പി.ഡി.ലക്കിയുമായി ബന്ധപ്പെടുകയായിരുന്നു.നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏ​റ്റെടുക്കുന്ന ലക്കി നിറമനസ്സോടെ മുഴുവൻ വിദ്യാഭ്യാസ ചിലവും ഏ​റ്റെടുക്കുകയായിരുന്നു.കുട്ടി പഠിക്കുന്ന കോളേജുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ചെയ്തു തുടങ്ങിയതായി പി.ഡി.ലക്കി പറഞ്ഞു.നാലരലക്ഷത്തോളം ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.കുട്ടിയുടെ പഠനത്തിന് സഹായിക്കാൻ കളക്ടർ നിർദ്ദേശിച്ചതിൽ സന്തോഷമുണ്ടെന്നും ആ കുട്ടിയുടെ പോരായ്മകളെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പഠന ചിലവേ​റ്റെടുത്ത ലക്കിയെ കളക്ടർ അഭിനന്ദിച്ചു.കളക്ടർ ഇത് തന്റെ ഓഫീഷ്യൽ പേജിലൂടെ ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.