 
രാമായണ സത്രം ഇന്ന് സമാപിക്കും
ചേർത്തല:രാമായണത്തിൽ രാമനേക്കാൾ ഏറെ ത്യാഗം അനുഭവിച്ചത് സീതാദേവിയാണെന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ പറഞ്ഞു. വെട്ടയ്ക്കൽ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന രാമായണ സത്രത്തിൽ സത്രദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.ചിരന്തനമായ ത്യാഗത്തിന്റെ പ്രതീകമാണ് സീതാദേവി.ഇന്നത്തെ സമൂഹം ആ ത്യാഗമനോഭാവം ഉൾകൊണ്ടാണ് വളരേണ്ടത്.ആ സ്ത്രീ കഥാപാത്രത്തിന് തുല്യമായി ലോകത്തിൽ മറ്റൊന്നുമില്ല.പുരാണങ്ങളും ഇതിഹാസങ്ങളും പുതുതലമുറ പഠിക്കാത്തതാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പല മൂല്യച്യുതികൾക്കും കാരണമെന്നും അനിയപ്പൻ പറഞ്ഞു.ഡി.സി.സി മുൻ പ്രസിഡന്റ് അഡ്വ.എം.ലിജു,വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം രക്ഷാധികാരി പ്രകാശ് സ്വാമി എന്നിവർ സത്രദിന സന്ദേശം നൽകി.
രാമായണ സത്രം ഇന്ന് സമാപിക്കും
ഡോ.പള്ളിക്കൽ സുനിൽ ആചാര്യനായി ഏഴ് ദിനരാത്രങ്ങളിലായി നടന്നു വരുന്ന രാമായാണ സത്രം ഇന്ന് സമാപിക്കും. രാവിലെ 7.30ന് രാമായണപാരായണ സമാരംഭ ദീപംതെളിക്കൽ ഗീത എം.ജി.രാജമന്നി,വളവനാട് നിർവഹിക്കും. 10ന് മൃത്യുഞ്ജയഹോമം,തുടർന്ന് വേദശ്രീ പള്ളിക്കൽ മണികണ്ഠൻ സത്രദിന സന്ദേശം നൽകും. വൈകിട്ട് 5.30ന് പട്ടാഭിഷേകം,6.30ന് കളഭചാർത്തോടുകൂടി ദീപാരാധന,ദീപക്കാഴ്ച, 7ന് നടക്കുന്ന സമാപന സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി ഉദ്ഘാടനം ചെയ്യും.ചെയർമാൻ മനോജ് മാവുങ്കൽ അദ്ധ്യക്ഷത വഹിക്കും.കവി വയലാർ ശരത് ചന്ദ്രവർമ്മ പുരസ്‌ക്കാര സമർപ്പണം നടത്തും.എസ്.ഗംഗപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസീസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ പ്രതാപൻ,ഗ്രാമപഞ്ചായത്ത് അംഗം കെ.ഡി.ജയരാജ് എന്നിവർ സംസാരിക്കും. ദേവസ്വം സെക്രട്ടറി എൻ.വി.കവിരാജ് സ്വാഗതവും പ്രസിഡന്റ് പ്രേമനാഥൻ നന്ദിയും പറയും.