കുട്ടനാട് പുഞ്ചകൃഷിക്ക് ആരംഭം കുറിച്ചതിന് തൊട്ടുപിന്നാലെ പൊതുജലാശയങ്ങൾ കടുത്ത മലിനികരണത്തിന്റെ പിടിയിലമർന്നത് കൈനകരി പഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമാക്കി.
പാടശേഖരങ്ങളിൽ നിന്ന് മോട്ടോറുകളുപയോഗിച്ച് ചെളിയും വിഷാംശവും കലർന്ന വെള്ളം ഇടതടവില്ലാതെ പുറം തള്ളുന്നതിനെത്തുടർന്ന് മത്സ്യങ്ങളുൾപ്പെടെ ചത്തുപൊങ്ങി. കുളിക്കാനോ വസ്ത്രം നനയ്ക്കാനോ മറ്റ് അത്യാവശ്യകാര്യങ്ങൾക്ക് പോലും ഈ വെള്ളം ഉപയോഗിക്കാൻ കഴിയില്ല . വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മുഖേനയുള്ള കുടിവെള്ള വിതരണം പമ്പ ആറിന് കിഴക്ക് ഭാഗത്തേക്ക് മാത്രമായി പരിമിതപ്പെടുത്തി. മറ്റ് ഭാഗങ്ങളിലേക്കുള്ള ജലവിതരണം പൂർണമായി നിർത്തിവച്ചതും പ്രശ്നം രൂക്ഷമാക്കി വളരെ ദൂരെ നിന്ന് വെള്ളമെത്തിച്ചാൽ മാത്രമേ ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാകുകയുള്ളൂ. പഞ്ചായത്തിലെ 15 വാർഡുകളിലും കുടിവെള്ളം കെട്ടുവള്ളങ്ങളിലെത്തിക്കുന്നതിന് ആവശ്യമായ ഫണ്ട് ദുരന്തനിവാരണ പദ്ധതിയിലുൾപ്പെടുത്തി അനുവദിക്കുവാൻ കളക്ടർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.