ആലപ്പുഴ: പ്രസ്ക്ളബ്ബ് മുതൽ കയർ യന്ത്രനിർമ്മാണ ഫാക്ടറി വരെയുള്ള റോഡിലെ പാർക്കിംഗ് ഗതാഗത കുരുക്കാവുന്നു. ഓട്ടോറിക്ഷകളും വാനുകളും കാറുകളും റോഡിന്റെ ഇരുവശത്തും തലങ്ങും വിലങ്ങുമായി പാർക്ക് ചെയ്യുന്നതാണ് കുരുക്കിന് കാരണമാകുന്നത്.
ആംബുലൻസുകൾക്കു പോലും പോകാനാകാത്ത വിധമാണ് പാർക്കിംഗ്. സ്കൂളുകൾ, താലൂക്ക് ഓഫീസ്, അഭിഭാഷകരുടെ ഓഫീസുകൾ, കയർ യന്ത്രനിർമ്മാണ ഫാക്ടറി, ജനകീയ ഹോട്ടൽ എന്നിവടങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങളാണ് റോഡിലൂടെ കാൽനട യാത്ര പോലും ബുദ്ധിമുട്ടിലാക്കുന്നത്. വൈ.എം.സി.എ ജംഗ്ഷന് കിഴക്ക് ഭാഗത്തു നിന്ന് വടക്കോട്ട് കയർ യന്ത്ര നിർമ്മാണ ഫാക്ടറി വരെയുള്ള ഇടുങ്ങിയ റോഡും അപകടക്കെണിയാണ്. വൈ.എം.സി.എ ജംഗ്ഷന് കിഴക്ക് പ്രധാന റോഡിലേക്ക് കടക്കുന്ന ഭാഗത്തിനു മുന്നിൽ ഇന്നലെ ചരക്കു ലോറി അനധികൃതമായി പാർക്ക് ചെയ്തിട്ടും നടപടി സ്വീകരിച്ചില്ല. ഇവന്നിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കാൻ മോട്ടോർവാഹന വകുപ്പ് നൽകിയ കത്തിന് മറുപടി നൽകാനോ നടപടിയെടുക്കാനോ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല.
കയർ യന്ത്രനിർമ്മാണ ഫാക്ടറിയുടെ മുന്നിലുള്ള ഇടറോഡിലൂടെ വരുന്ന വാഹനങ്ങൾ വൈ.എം.സി.എ ജംഗ്ഷന് സമീപം ചേരുന്നിടത്താണ് അപകടം നിത്യസംഭവമാകുന്നത്. ഇടറോഡിലൂടെ പ്രധാന റോഡിലേക്ക് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഈ ഭാഗത്തെ അനധികൃത പാർക്കിംഗാണ്. വൈ.എം.സി.എ പാലത്തിന് സമീപത്തെ സിഗ്നൽ ലൈറ്റ് വീഴുന്നതോടെ വാഹനങ്ങൾ അമിത വേഗത്തിൽ മുന്നോട്ടെടുക്കുന്നതും അപകടത്തിന് വഴിയൊരുക്കുന്നു.
സ്കൂളുകളിൽ വിദ്യാർത്ഥികളുമായി എത്തുന്ന വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്താൽ പ്രസ്ക്ളബ്ബ് റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാനം. സർക്കാർ ഓഫീസുകളിലും എത്തുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഓഫീസ് ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യാൻ നടപടി സ്വീകരിക്കണം
സനാതനം റസിഡൻസ് അസോസിയേഷൻ, ചാത്തനാട്- കിടങ്ങാംപറമ്പ്
കയർ യന്ത്ര നിർമ്മാണ ഫാക്ടറി- പ്രസ്ക്ളബ്ബ് റോഡിലെ അനധികൃത പാർക്കിംഗ് ഇല്ലാതാക്കാൻ സനാതനം റസിഡൻസ് അസോസിയേഷൻ നൽകിയ പരാതി നഗരസഭ കൗൺസിലിന് കൈമാറി
കെ.ബാബു, ചെയർമാൻ, കൗൺസിലർ
വൺവേ പാലിക്കാത്തവർക്കെതിരെയും അനധികൃത പാർക്കിംഗിനെതിരെയും പൊലീസും ആർ.ടി.ഒയും നടപടി സ്വീകരിക്കണം
ദിലീപ്, പറമ്പിൽ ഹൗസ്, തോണ്ടൻകുളങ്ങര