ഹരിപ്പാട്: തോമസ് കെ.തോമസ് എം.എൽ.എ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി നൽകിയ എൻ.സി.പി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആർ.ജി. ജിഷയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. എം.എൽ.എയുടെ ഭാര്യ ഷേർളി തോമസിനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.
ജിഷ നൽകിയ പരാതിയിൽ എം.എൽ.എ ഒന്നാം പ്രതിയും ഭാര്യ ഷേർളി തോമസ് രണ്ടാം പ്രതിയുമാണ്. യോഗം തുടങ്ങുന്നതിനു മുമ്പുതന്നെ എം.എൽ.എ അസഭ്യം പറഞ്ഞെന്ന് ജിഷ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പാർട്ടി അംഗമല്ലാത്ത ഷേർളി തോമസ് വേദിയിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ എം.എൽ.എ അധിക്ഷേപിക്കുകയും ചുമലിൽ പിടിച്ച് തള്ളിയെന്നുമാണ് മൊഴി. മണ്ഡലത്തിന് പുറത്തുള്ളവർ വേദി വിടണമെന്ന് ആവശ്യപ്പെട്ടതാണ് കാരണം. നിന്നെ പോലുള്ള ജാതികളെ പാർട്ടിയിൽ വേണ്ടെന്നു പറഞ്ഞ് അടിക്കാൻ ഓങ്ങിയപ്പോൾ മറ്റുള്ളവർ തടയുകയായിരുന്നുവെന്നും ജിഷ പറയുന്നു. എം.എൽ.എയ്ക്കും ഭാര്യയ്ക്കുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. മണ്ഡലം പ്രസിഡന്റ് ക്ഷണിച്ചിട്ടാണ് താൻ യോഗത്തിനെത്തിയതെന്നും നിയമസഭയിൽ നിന്ന് മടങ്ങുന്ന വഴിയായതിനാലാണ് ഭാര്യയെ ഒപ്പം കൂട്ടിയതെന്നും എം.എൽ.എ പറയുന്നു.