ആലപ്പുഴ: നരേന്ദ്രമോദി സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്നും വരാനിരിക്കുന്നത് വലിയ പോരാട്ടങ്ങളുടെ നാളുകളാണെന്നും എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു. ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർവ്വതും സ്വകാര്യ കുത്തകകൾക്ക് വിട്ടുകൊടുത്ത് രാജ്യത്ത് അസമത്വമുണ്ടാക്കുകയാണ് മോദി സർക്കാർ. ജീവിത സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്നു. അഭിപ്രായം പറയാനും പ്രതിഷേധിക്കാനും കഴിയാത്ത സ്ഥിതിയിലാണ് രാജ്യം. സമ്പദ്ഘടനയാകെ തകർന്നു. വ്യവസായ, വാണിജ്യരംഗം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കൊവിഡ് പ്രതിസന്ധിയുണ്ടാക്കിയ ദുരിതം നിലനിൽക്കുമ്പോഴാണ് കേന്ദ്ര സർക്കാർ സ്വകാര്യവത്‌ക്കരണ നയം വേഗത്തിലാക്കുന്നത്. ഇതിനെതിരെയെല്ലാം യോജിച്ച പോരാട്ടം ശക്തിപ്പെടണമെന്നും അമർജിത് കൗർ പറഞ്ഞു.

ദേശീയ പ്രസിഡന്റ് രമേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാനും എ.ഐ.ടി.യു.സി വൈസ് പ്രസിഡന്റുമായ കാനം രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ലോക തൊഴിലാളി സംഘടന (ഡബ്ല്യു.എഫ്.ടി.യു) ജനറൽ സെക്രട്ടറി പാംബിസ് കൈറിറ്റ്‌സിസ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഇന്ത്യയിലെ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. റിപ്പോർട്ടുകളിന്മേലുള്ള ചർച്ചയാണ് പ്രധാന അജണ്ട. വിദേശ പ്രതിനിധികളുടെ അഭിവാദ്യ പ്രസംഗങ്ങളും നടക്കും. വൈകിട്ട് അഞ്ചിന് ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും എന്ന സെമിനാർ സി.പി.ഐ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം അഡ്വ. പി.സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്യും.