ചാരുംമൂട് : കള്ളനോട്ട് കേസിലെ സൂത്രധാരൻ വലയിലായതായി സൂചന. കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സുഹൃത്തായ യുവതിയും നേരത്തെ അറസ്റ്റിലായിരുന്നു. കൊല്ലം ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈസ്റ്റ് കല്ലട കൊടുവുള വീട്ടിൽ ക്‌ളീറ്റസ് (45), താമരക്കുളം പേരൂർ കാരാഴ്മ അക്ഷയ് നിവാസിൽ ലേഖ (38) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ലേഖ നൽകിയ 500 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘമെത്തി പരിശോധിച്ചപ്പോൾ പഴ്സിൽ നിന്നു 500 രൂപയുടെ കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തി. തുടർന്ന് ലേഖയെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ലേഖയുടെ താമരക്കുളത്തുള്ള വീട് പരിശോധിച്ചപ്പോൾ 500 രൂപയുടെ നോട്ടുകൾ വീണ്ടും ലഭിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്ളീറ്റസ് ആണ് കള്ളനോട്ട് നൽകിയതെന്ന് ലേഖ വ്യക്തമാക്കി. 500 രൂപയുടെ കള്ളനോട്ടുകൾ ക്ളീറ്റസിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇവർക്ക് കള്ളനോട്ടുകൾ എത്തിച്ചിരുന്നയാളാണ് ഇപ്പോൾ വലയിലായിട്ടുള്ളത്. പി‌ടിയിലുള്ളയാളുടെ പേര് വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.