t
t

ആലപ്പുഴ: ക്രിസ്മസും പുതുവത്സരവും ആഘോഷി​ക്കാൻ ഇക്കുറി​ ആലപ്പുഴയിലേക്ക് കൂടുതലായെത്തുന്നത് ആഭ്യന്തര സഞ്ചാരികൾ. കൊവിഡി​നു മുമ്പ് വരെ യൂറോപ്പ്യൻ സഞ്ചാരികൾക്കായി​രുന്നു 'ഭൂരിപക്ഷം'.

ക്രിസ്മസ് തലേന്നായ 24 മുതൽ പുതുവത്സരദിനം വരെ ഭൂരിഭാഗം റിസോർട്ടുകളിലും ഹോം സ്റ്റേകളിലും ബുക്കിംഗ് പൂർത്തിയായി. ബീച്ചിനോട് ചേർന്ന് ആഘോഷം നടത്താൻ ആലപ്പുഴ, മാരാരി, അന്ധകാരനഴി ഭാഗത്തെ റിസോർട്ടുകളിലാണ് കൂടുതൽ ബുക്കിംഗുകൾ നടന്നിട്ടുള്ളത്. ഇത് കൂടാതെ ഹൗസ് ബോട്ട് മേഖലയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആലപ്പുഴയിലെത്തിയാൽ ഹൗസ് ബോട്ട് യാത്രയും ബീച്ചും ഒരുമിച്ച് ആസ്വദിക്കാനാവുമെന്നതാണ് മറ്റൊരു ആകർഷക ഘടകം.

ആഘോഷദിനങ്ങളിൽ ലഹരി കച്ചവടവും ഉപയോഗവും തടയാൻ കർശന നടപടികൾ എക്സൈസും, പൊലീസും സ്വീകരിച്ചിട്ടുണ്ട്. ലഹരി കച്ചവടം ഏറ്റവും കൂടുതൽ നടക്കുന്ന ഫോർട്ട് കൊച്ചിയിൽ പരിശോധനകൾ അതീവ കർശനമാക്കുന്നതിനാൽ, സമീപ ജില്ലയായ ആലപ്പുഴയിലേക്ക് വ്യാപാരം മാറാൻ സാദ്ധ്യതയുണ്ട്. അതിനാൽ, ഓരോ ബുക്കിംഗുകളിലും ശ്രദ്ധ വേണമെന്ന് ഹോം സ്റ്റേകളിലടക്കം അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പരമാവധി ശ്രദ്ധയോടെയാണ് ബുക്കിംഗുകൾ നടത്തുന്നതെന്ന് റിസോർട്ട് നടത്തിപ്പുകാർ പറയുന്നു. വിദേശികൾ പൊതുവേ ശാന്തമായ അന്തരീക്ഷം ആഗ്രഹിച്ചാണ് ഹോംസ്റ്റേകളിലെത്തുന്നത്. അതേ സമയം ആഭ്യന്തര സഞ്ചാരികളുടെ മനോഭാവം നേർ വിപരീതമാണ്. ഇത് പലപ്പോഴും റിസോർട്ട് നടത്തിപ്പുകാർക്ക് തലവേദന സൃഷ്ടിക്കാറുമുണ്ട്.

# ഗുണമായത് വികസനം

കോയമ്പത്തൂരിൽ നിന്ന് കേവലം ആറ് മണിക്കൂർ കൊണ്ട് ആലപ്പുഴയിലെത്താം. റോഡുകളുടെ ഗുണനിലവാരം വർദ്ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാൻ സഹായകരമായിട്ടുണ്ടെന്നാണ് ടൂറിസം സംരംഭകരുടെ വിലയിരുത്തൽ.

.............................

കൂടുതൽ സഞ്ചാരികളെത്തുന്നത്

# ഹൗസ് ബോട്ട് യാത്ര

# ആലപ്പുഴ ബീച്ച് റിസോർട്ടുകൾ

# മാരാരി ബീച്ച് റിസോർട്ടുകൾ, ഹോം സ്റ്റേകൾ

ഇത്തവണ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായത്. ആഴ്ചകൾ
ക്ക് മുമ്പ് തന്നെ മുറികളെല്ലാം ബുക്ക് ചെയ്തു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ടൂറിസത്തിന് ഗുണകരമായെന്ന് വിലയിരുത്താം

ഇ.വി.രാജു ഈരശ്ശേരിൽ, ജില്ലാ പ്രസിഡന്റ്, കേരള ഹാറ്റ്സ്