sai
എൻ.സായികുമാർ

ആലപ്പുഴ: ആസൂത്രണ മി​കവോടെയുള്ള പ്രവർത്തനങ്ങളി​ലൂടെ കയർഫെഡിനെ വികസന ട്രാക്കി​ലെത്തി​ക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തോടെയാണ് അഡ്വ. എൻ.സായികുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പടിയിറങ്ങുന്നത്. സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കയറും കയർ ഉത്പന്നങ്ങളും സംഭരിച്ച് വിപണനം നടത്തി കയർ സഹകരണസംഘങ്ങളെയും തൊഴിലാളികളെയും സഹായിക്കുകയാണ് കയർഫെഡിന്റെ ലക്ഷ്യം. കൊവിഡ് പ്രതിസന്ധിയിലും തൊഴിലാളികളെ സഹായിക്കുന്നതിൽ കയർഫെഡ് മുന്നിലായിരുന്നു. അഡ്വ. എൻ.സായികുമാർ കൺവീനറായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി 2016ലാണ് അധികാരമേറ്റത്. യു.ഡി.എഫ് ഭരണകാലത്തെ പരമാവധി കയർ സംഭരണമായിരുന്ന 60,000 ക്വിന്റലി​ൽ നിന്ന് മൂന്ന് ലക്ഷം ക്വിന്റലിലേക്ക് എത്തിക്കാൻ കഴിഞ്ഞു. കയറിന്റെ വില്പന 2016-17ലെ 93176 ക്വിന്റലിൽ നിന്നും 160727 ക്വിന്റലായി ഉയർന്നു. കാലപ്പഴക്കം ചെന്ന കയർഫെഡിന്റെ ആലപ്പുഴയിലെ ഓഫീസ് നവീകരിച്ച് നാടിന് സമർപ്പിക്കാൻ കഴിഞ്ഞു. ചകിരി ഉത്പാദനത്തിൽ സ്വയം പര്യാപ്തതയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ജിയോ ടെക്സ്റ്റയിൽസ്

എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ, കോഴിക്കോട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾ വഴി ജിയോ ടെക്സ്റ്റയിൽസ് നവംബർ വരെ 498000 ടൺ വിതരണം ചെയ്തു.

50 ഷോറൂമുകൾ

ചേർത്തല, പയ്യന്നൂർ, മുനമ്പം, നെയ്യാറ്റിൻകര ഷോറൂമുകൾ പുതുതായി ആരംഭിച്ചു. 50 ഷോറൂമുകളാണ് ആകെ നിലവിലുളളത്. കൊൽക്കത്തയിൽ 500 സ്‌ക്വയർ ഫീറ്റ് വരുന്ന ഒരു കടമുറി കയർഫഡിന് സ്വന്തമായി. ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ് നഗരങ്ങളിലുളള കെട്ടിടങ്ങൾ നവീകരിച്ചതും ബംഗളൂരിൽ പുതിയ ഷോറൂം തുടങ്ങാനായതും നേട്ടമാണ്.

നിയമനങ്ങൾ പി.എസ്.സിക്ക്

കയർഫെഡിന്റെ നിയമനങ്ങൾ 1995ലാണ് പി.എസ്.സിക്ക് വിട്ടത്. ഭരണസമിതിയുടെ ശ്രമഫലമായി സ്‌പെഷ്യൽ റൂൾ അംഗീകാരം നേടിയെടുത്തു. സെയിൽസ് അസിസ്റ്റൻഡ് ഗ്രേഡ്-2ലേക്കും 13 ഷോറൂമുകളിലേക്കും പി.എസ്.സി നിയമനം നടത്തി.

പ്രതിസന്ധി

കയർഫെഡിന്റെ ചാലക്കുടി, ചെങ്ങന്നൂർ, പത്തനംതിട്ട, കോട്ടയം എന്നീ ഷോറൂമുകൾ പ്രളയത്തിൽ മുങ്ങി ഉത്പന്നങ്ങൾ പൂർണമായും നശിച്ചു. പ്രതിസന്ധിയെ മറികടക്കാൻ വിലക്കുറവുളള സാന്ത്വനം മെത്ത വിപണിയിൽ എത്തിച്ചു. കൊവിഡ് കയർഫെഡിന്റെ പ്രവർത്തനങ്ങളെ മാസങ്ങളോളം നിശ്ചലമാക്കി. പ്രതിസന്ധിയിലും കേരളത്തിലെ സി.എഫ്.എൽ.ടി.സി.കൾ, ഹോസ്പിറ്റലുകൾ എന്നിവയ്ക്കായി 25000ന് മുകളിൽ മെത്തകൾ ഉത്പാദിപ്പിച്ചു.