ആലപ്പുഴ: വീടുകളിൽ ഉപയോഗിക്കാതിരിക്കുന്നതും എന്നാൽ മറ്റൊരാൾക്ക് ഉപയോഗപ്രദമാകുമെന്ന് ഉറപ്പുള്ളതുമായ വസ്തുക്കൾ കൈമാറാൻ 'കൈമാറ്റക്കട' സജ്ജമാക്കി ആലപ്പുഴ നഗരസഭ. മുല്ലയ്ക്കൽ- കിടങ്ങാംപറമ്പ് ചിറപ്പുമായി ബന്ധപ്പെട്ട് എ.വി.ജെ ജംഗ്ഷനിൽ ആരംഭിച്ച സ്റ്റാളിലാണ് കൈമാറ്റക്കട.
കുട്ടികളുടെയും മുതിർന്നവരുടെയും വസ്ത്രങ്ങൾ, ബാഗുകൾ, കുടകൾ, പാദരക്ഷകൾ, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ തുടങ്ങി വൃത്തിയുള്ളതും പ്രവർത്തന സജ്ജമായതും മറ്റുളളവർക്ക് വേണ്ടി കൈമാറാം. ആവശ്യക്കാർക്ക് വന്ന് സാധനങ്ങൾ വാങ്ങാം. കൊടുക്കലും വാങ്ങലും സൗജന്യമായിരിക്കും. നഗരസഭയുടെ ഹരിതകർമ്മ സേന പ്രവർത്തകർക്കാണ് സ്റ്റാളിന്റെ നടത്തിപ്പ് ചുമതല. രണ്ട് ഷിഫ്റ്റുകളിലായി നാല് ജീവനക്കാർ രാവിലെ 10 മുതൽ രാത്രി വരെ സ്റ്റാളിലുണ്ടാകും. ഇതിനകം സാരികൾ, ഷർട്ടുകൾ, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവ നൽകാൻ ആളുകൾ വന്നു തുടങ്ങി. ഉപയോഗപ്രദമല്ലാത്തവ സ്വീകരിക്കില്ല.
# മെഡിക്കൽ പോയിന്റും സജ്ജം
ചിറപ്പിനെത്തുമ്പോൾ ആർക്കെങ്കിലും അടിയന്തിര വൈദ്യസഹായമോ പ്രഥമ ശുശ്രൂഷയോ ആവശ്യമായി വന്നാൽ സഹായമെത്തിക്കാനാണ് മെഡിക്കൽ പോയിന്റ് ആരംഭിച്ചിരിക്കുന്നത്.
ആലപ്പുഴ ജനറൽ ആശുപത്രി ടീമും നജീബ് ഹബീബ് നേതൃത്വം നൽകുന്ന കാരുണ്യ പാലിയേറ്റീവുമാണ് മെഡിക്കൽ പോയിന്റിലുള്ളത്.
നമുക്ക് ഉപയോഗിക്കാനാവാത്തത് കാരണം മാറ്റി വച്ചിരിക്കുന്ന വസ്തുക്കൾ മറ്റ് പലർക്കും ഉപകാരപ്പെട്ടേക്കും. പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങളും മറ്റും. കൊണ്ടുവരുന്നവ വൃത്തിയുള്ളതും ഉപയോഗപ്രദവുമായിരിക്കണം. സേവനം തികച്ചും സൗജന്യമാണ്
സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ