കറ്റാനം: അപകട മേഖയായ കെ.പി റോഡിലെ ഇടുങ്ങിയ മൂന്നാം കുറ്റി ജംഗ്‌ഷനിൽ പെടാപ്പാട്. തിരക്കേറിയ കെ-പി റോഡും മാവേലിക്കര കട്ടച്ചിറ റോഡും കൂടിച്ചേരുന്ന ജംഗ്ഷനാണ് മൂന്നാംകുറ്റി. ഓട്ടോ സ്റ്റാൻഡും ബസ് സ്റ്റോപ്പും കൂടിയായതിനാൽ ബസുകൾ നിറുത്തുമ്പോൾ എതിരെ വരുന്ന വാഹനങ്ങളും മറികടക്കാനെത്തുന്ന വാഹനങ്ങളും വലയുകയാണ്.

ഇതു പലപ്പോഴും തർക്കങ്ങൾക്കും വഴിയൊരുങ്ങുന്നു. ഇവിടെ വലിയ വാഹനങ്ങൾക്ക് തിരിയാനും ബുദ്ധിമുട്ടേറെയാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന ചരക്കു വാഹനങ്ങളടക്കം ഓച്ചിറ മാവേലിക്കര ഭാഗങ്ങളിലേക്കു കടന്നു പോകാൻ തിരിയാനെത്തുന്നതും ഈ ജംഗ്ഷനിലാണ്. ദിവസവും ഒന്നിലധികം വാഹനാപകടങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.

ജംഗ്ഷനിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ ഹോം ഗാർഡിന്റെയോ പൊലീസിന്റെയോ സേവനം ലഭ്യമാകുന്നില്ല. വാഹനങ്ങൾ നിറുത്തിയിടുന്നതു തോന്നും പോലെയാണ്. ജംഗ്ഷനിൽ അപകടങ്ങൾ പതിവായിട്ടും പരിഹാരം കാണാതെ അധികൃതർ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

യാത്രക്കാർ കെ-പി റോഡ് മുറിച്ചുകടക്കുന്നതു സാഹസികമായാണ്. നാട്ടുകാരുടെ ആവശ്യ പ്രകാരം ജംഗ്ഷനിൽ സിഗ്നൽ സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണയാണ് അധികൃതർക്കു നിവേദനം നൽകിയത്. ഇന്നേവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

വിഷ്ണു ചേക്കോടൻ, യൂത്ത് കോൺഗ്രസ്‌ ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ്