renjith-

ചാരുംമൂട്: കള്ളനോട്ട് കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സുഹൃത്തായ യുവതിയും അറസ്റ്റിലായതിനു പിന്നാലെ മുഖ്യപ്രതിയായ സീരി​യൽ നടൻ അടക്കം മൂന്നു പേർ പിടിയിൽ. സീരിയൽ നടന്റെ വാഹനത്തിൽ നിന്ന് നാലരലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചു.

നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടിൽ താമസിക്കുന്ന സീരി​യൽ നടൻ ഷംനാദ് (ശ്യാം ആറ്റി​ങ്ങൽ- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത്ത് (49) എന്നി​വരാണ് പി​ടി​യി​ലായത്.

കല്ലട സ്വദേശിയും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനി​ൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർ കാരായ്മ അക്ഷയ നിവാസിൽ ലേഖ (48) എന്നി​വർ നേരത്തേ അറസ്റ്റിലായിരുന്നു.

ചാരുംമൂട്ടിലെ സൂപ്പർമാർക്കറ്റിൽ ലേഖ നൽകിയ 500ന്റെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ അറിയിക്കുകയായിരുന്നു. ക്ളീറ്റസാണ് നോട്ട് നൽകി​യതെന്ന് ലേഖ പറഞ്ഞു. ഇയാളുടെ വീട്ടിൽ നിന്നു 500 ന്റെ നോട്ടുകൾ കണ്ടെത്തി​. ക്ളീറ്റസ് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള രഞ്ജിത്തി​ന്റെ പങ്ക് വെളിപ്പെടുത്തി. രഞ്ജിത്തിനെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോൾ നടൻ ഷംനാദ് ആണ് നോട്ടുകൾ എത്തിച്ചു നൽകുന്നതെന്ന് മൊഴി നൽകി. ശാസ്താംകോട്ടയി​ൽ വച്ച് ഷംനാദിനെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നു നാലര ലക്ഷം രൂപയുടെ 2000, 500, 200 കള്ളനോട്ടുകൾ കണ്ടെത്തി. കാറിന്റെ രഹസ്യ അറയിലായി​രുന്നു നോട്ടുകൾ.

#ഒരു ലക്ഷത്തിന്റെ

നോട്ടുകൾ ഒരുദിവസം

ഷംനാദിന്റെ വീട് റെയ്ഡ് ചെയ്തപ്പോൾ ലാപ്ടോപ്പ്, സ്കാനർ, പ്രിന്റർ, ലാമിനേറ്റർ, നോട്ടുകൾ മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ, ഉണക്കി സൂക്ഷിക്കാൻ വച്ചിരുന്ന നിരവധി നോട്ടുകൾ എന്നിവ കണ്ടെത്തി. പാതി നിർമ്മാണത്തിലിരുന്ന നോട്ടുകൾക്കൊപ്പം 25,000 രൂപയുടെ കള്ളനോട്ടുകളും കണ്ടെത്തി. വാളകം സ്വദേശി​ ശ്യാമാണ് ബുദ്ധി​കേന്ദ്രമെന്ന് ഷംനാദ് വെളിപ്പെടുത്തി​. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ദിവസം ഒരു ലക്ഷത്തിൽ അധി​കം രൂപയുടെ കള്ളനോട്ടുകളാണ് നി​ർമ്മി​ച്ചി​രുന്നത്. പ്രതിഫലമായി ശ്യാമിന് ദിനംപ്രതി 5000 മുതൽ 10,000 രൂപ വരെ ലഭിക്കുമായിരുന്നു.

# ശ്യാം സെറ്റ് ചെയ്യും, പ്രിന്റർ ഷംനാദ്

ശ്യാം ലാപ്ടോപ്പിൽ സെറ്റ് ചെയ്തു കൊടുക്കുന്നതനുസരിച്ച് ഷംനാദ് നോട്ടുകൾ പ്രിന്റ് ചെയ്ത് രഞ്ജിത്തിനെ ഏൽപ്പിക്കും. വിതരണം ചെയ്യാൻ ക്ളീറ്റസിന് കൈമാറും. ക്ളീറ്റസാണ് ലേഖയ്ക്ക് കൈമാറിയിരുന്നത്. തിരക്കുള്ള സമയം നോക്കി ലേഖ കടകളിൽ പോയി സാധനങ്ങൾ വാങ്ങി നോട്ട് മാറിയെടുക്കും. ഷംനാദിന് ഒമ്പതാം ക്ലാസ് വിദ്യാഭ്യാസവും ശ്യാമിന് പത്താം ക്ലാസുമാണ് യോഗ്യത. ശ്യാമിന് പ്രിന്റിംഗ് പ്രസിൽ ജോലി ചെയ്തു പരിചയമുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.