ആലപ്പുഴ : കഴിഞ്ഞ നാല് മാസത്തിനിടെ ജില്ലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 187കേസുകളിലായി 188പേരെ അറസ്റ്റു ചെയ്തു. ലഹരി വസ്തുക്കളുടെ ഉത്പാദനവും വിതരണവും തടയുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ ജില്ലാതല ജനകീയ സമിതി യോഗത്തിലാണ് എക്‌സൈസ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ക്ലബ്ബുകൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. ക്രിസ്മസ്, പുതുവത്സര ദിനങ്ങളിൽ ലഹരി നിർമാണം, ഉപയോഗം, വിപണനം എന്നിവ ഫലപ്രദമായി തടയുന്നതിനായി ജനുവരി മൂന്നുവരെ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് കാലമായി പ്രഖ്യാപിച്ച് പൊലീസ്, ആർ.പി.എഫ്., കോസ്റ്റൽ പൊലീസ്, ഭക്ഷ്യ സുരക്ഷ വകുപ്പ് തുടങ്ങിയവയുമായി ചേർന്ന് വാഹനങ്ങൾ, ട്രെയിൻ, റെയിൽവേ സ്റ്റേഷൻ, ബീച്ച്, സ്‌കൂൾ പരിസരങ്ങൾ, അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരുന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു.
യോഗത്തിൽ എ.ഡി.എം എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എൻ.അശോക് കുമാർ, മുതുകുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, ജില്ലയിലെ ജനപ്രതിനിധികൾ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
വിവരങ്ങൾ കൈമാറുന്നതിന് ടോൾ ഫ്രീ നമ്പർ: 18004252696, 155358
പരിശോധനയിൽ പിടിച്ചെടുത്തത്
കഞ്ചാവ്...............................31കിലോ
കഞ്ചാവ് ചെടി.....................3
ഹാഷിഷ് ഓയിൽ................5ഗ്രാം
എം.ഡി.എം.എ....................33ഗ്രാം
ലഹരി ഗുളിക......................142എണ്ണം
വാഹനങ്ങൾ........................16