s

കെ.എസ്.ആർ.ടി.സി യൂണിഫോം പരിഷ്കാരത്തിൽ ചേരിതിരിവ്

ആലപ്പുഴ: കെ.എസ്.ആർ.ടി​.സി​ ജീവനക്കാരുടെ യൂണി​ഫോം നീല മാറ്റി​ വീണ്ടും കാക്കി​യാക്കാനുള്ള തീരുമാനത്തോട് പൊലീസ് സേന അതൃപ്തി​ അറി​യി​ച്ചതി​നൊപ്പം കോർപ്പറേഷൻ ജീവനക്കാരും ഇക്കാര്യത്തി​ൽ രണ്ടു തട്ടി​ലായി​. സ്കൂൾ യൂണിഫോമിനോട് സാദൃശ്യമുള്ള നീലയിൽ നിന്ന് മോചനം വേണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ വർഷങ്ങളായി യൂണിഫോം അലവൻസില്ലാത്ത സാഹചര്യത്തിൽ ഇനിയൊരു മാറ്റം ബുദ്ധിമുട്ടാണെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.

2015ലാണ് അവസാനമായി 1500 രൂപ യൂണിഫോം അലവൻസ് ലഭിച്ചത്. യൂണിഫോം അലക്കുന്നതിനുള്ള അലവൻസായ 150രൂപ നി​ലവി​ൽ ലഭിക്കുന്നുണ്ട്. യൂണിഫോമിൽ കെ.എസ്.ആർ.ടി.സിയുടെ ലോഗോ പതിക്കണമെന്ന നിർദ്ദേശം പോലും അലവൻസ് ലഭിക്കാത്തതിലുള്ള ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് മരവിപ്പിച്ചത്. സ്വന്തം പണം മുടക്കി വാങ്ങിയ യൂണിഫോമിൽ ലോഗോ പതിക്കാനാവില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. പുതുവർഷം മുതൽ കാക്കി യൂണിഫോമിലേക്ക് മടങ്ങാനാണ് നിലവിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നിശ്ചയിച്ചിരിക്കുന്നത്. പൊലീസിന് സമാനമായ കാക്കിയിലേക്കുള്ള മടങ്ങിപ്പോക്ക് പൊതുസമൂഹത്തിൽ തങ്ങളുടെ മതിപ്പ് വ‌ർദ്ധിപ്പിക്കുമെന്നാണ് പല ജീവനക്കാരും പ്രതീക്ഷിക്കുന്നത്.

കാക്കി അഴിച്ചത് 2015ൽ

30 വർഷത്തിലധികം ഉപയോഗിച്ചിരുന്ന കാക്കി യൂണിഫോമിനോട് 2015ലാണ് കെ.എസ്.ആർ.ടി.സി വിടപറഞ്ഞത്. പുതുമയും പ്രൊഫഷണലിസവും കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു നീലയിലേക്കുള്ള മാറ്റം. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമാണ് നീല ഷർട്ടും കടുംനീല പാന്റുമാക്കിയത്. മെക്കാനിക്കൽ ജീവനക്കാരുടേത് ചാരനിറമാണ്. ഇൻസ്പെക്ടർമാർക്ക് വെള്ള ഷർട്ടും കറുത്ത പാന്റുമാണ് യൂണിഫോം.

പൊലീസിന്റെ വാദം

 ഔദ്യോഗിക ആവശ്യങ്ങൾക്ക് പൊലീസല്ലാതെ മറ്റാരും കാക്കി ഉപയോഗിക്കരുത്

 ഫയർഫോഴ്സ്, മോട്ടോർവാഹനവകുപ്പ്, എക്സൈസ് യൂണിഫോം പരിഷ്കരിക്കണം

നീലയോടുള്ള അനിഷ്ടകാരണം

 പെട്ടെന്ന് അഴുക്ക് പറ്റും

 വിദ്യാർത്ഥികളുടെ യൂണിഫോമിന് സമാനം

 കാക്കിക്ക് ലഭിക്കുന്ന അംഗീകാരം നീലയ്ക്കില്ല

...................................

യൂണിഫോം അലവൻസ്: 1500 രൂപ

അവസാനമായി ലഭിച്ചത്: 2015ൽ

...........................

ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യൂണിഫോമും കെ.എസ്.ആർ.ടി.സി ജീവനക്കാരുടേതും സമാനമാണ്. പണ്ട് കാക്കി ധരിച്ചപ്പോൾ ലഭിച്ചിരുന്ന അംഗീകാരം നീലയ്ക്ക് ലഭിക്കുന്നില്ല. പെട്ടെന്ന് അഴുക്കാകുന്നതും വിഷയമാണ്

കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടർ

വർഷങ്ങളായി യൂണിഫോം അലവൻസ് ലഭിക്കുന്നില്ല. ആദ്യം ഇക്കാര്യത്തിൽ നീക്കുപോക്കുണ്ടാകണം. സ്വന്തം കൈയിൽ നിന്ന് പണം മുടക്കി വീണ്ടും യൂണിഫോം വാങ്ങേണ്ടി വന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും

കെ.എസ്.ആർ.ടി.സി ഡ്രൈവർ