panni-
കാട്ടുപന്നിമൂലം ദുരിതത്തിൽ ആയി കർഷകർ

ചാരുംമൂട് . കാടുപിടിച്ച കെ.ഐ.പി കനാലുകൾ കാട്ടുപന്നികളുടെ താവളമായി മാറി. കനാലുകൾ വൃത്തിയാക്കാൻ വേണ്ടി മീറ്റിംഗുകൾ പലതു നടന്നതല്ലാതെ നടപടികൾ മുന്നോട്ടു നീങ്ങിയില്ലെന്ന് നാട്ടുകാർ പറയുന്നു. താമരക്കുളം, പാലമേൽ ,നൂറനാട് പഞ്ചായത്തുകളിലാണ് കാട്ടുപന്നി ശല്യം കൂടുതൽ. തൊഴിലുറപ്പ് തൊഴിലാളിയായ താമരക്കുളം പച്ചക്കാട് കിഴക്കുടുക്കത്ത് ശശികല പാട്ടത്തിനെടുത്ത് കൃഷി ചെയ്ത മരച്ചീനി കൃഷി മുഴുവൻ കഴിഞ്ഞ ദിവസം കാട്ടുപന്നി നശിപ്പിച്ചിരുന്നു.

കൃഷിനാശം സംഭവിച്ച പലർക്കും നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചിട്ടില്ല. കാട്ടുപന്നികളെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും ഇതഷപ്പറ്റി, ബന്ധപ്പെട്ട അധികാരികൾക്ക് രേഖാമൂലം അറിയിപ്പുകൾ കിട്ടിയിട്ടില്ല. താമരക്കുളം പഞ്ചായത്തിലെ കാട്ടുപന്നി ശല്യം നേരിടുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് കത്ത് നൽകിയിരുന്നു. തുടർന്ന്, കാട്ടുപന്നിമൂലം നഷ്ടം സംഭവിച്ച കർഷകർക്ക് പ്രകൃതിക്ഷോഭത്തിൽപ്പെടുത്തി ധനസഹായം നൽകുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു.

കൃഷിക്ക് വെള്ളം ലഭിക്കാത്ത കെ.ഐ.പി കനാലുകൾ കാട്ടുപന്നികളുടെ താവളമായതോടെ, കനാൽ എത്രയും പെട്ടെന്ന് വൃത്തിയാക്കണമെന്നാണ് നാട്ടകാരുടെ ആവശ്യം.

ക്യാപ്ഷൻ

കാട്ടുപന്നികൾ നശിപ്പിച്ച മരച്ചീനി കൃഷി