paddy-cultivation

ആലപ്പുഴ : സപ്ളൈകോയുടെ ഖജനാവ് കാലിയായതോടെ, നെല്ല് നൽകിയ വകയിൽ ലഭിക്കാനുള്ള 313 കോടി രൂപ എന്ന് കിട്ടുമെന്ന് അറിയാതെ നെൽകർഷകർ അങ്കലാപ്പിൽ. സംഭരിച്ച് ഒരാഴ്ച കഴിയുമ്പോൾ, കർഷകരുടെ അക്കൗണ്ടിൽ പണമെത്തുമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ് . വെള്ളപ്പൊക്കവും മില്ലുടമകളുടെ നിഷേധാത്മക നിലപാടും മൂലം കടക്കെണിയിലായ കർഷകർക്ക് സപ്ളൈകോ കൈമലർത്തുന്നത്

മറ്റൊരു തിരിച്ചടിയായി. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കനിഞ്ഞാലേ രക്ഷയുള്ളൂ.

ഡിസംബർ 17 വരെ 488 കോടി രൂപയുടെ നെല്ലാണ് സപ്‌ളൈകോ സംഭരിച്ചത്. നവംബർ 29നു ശേഷം നെല്ലിന്റെ വില നൽകിയിട്ടില്ല. നെൽവില നൽകാനായി ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 2500 കോടി രൂപ സപ്ളൈകോ വായ്പ എടുത്തിരുന്നെങ്കിലും മുൻകാല കുടിശിക ഇതിൽ നിന്ന് ബാങ്കുകൾ പിടിച്ചെടുത്തതോടെ ചില്ലിക്കാശ് ലഭിക്കാത്ത സ്ഥിതിയായി. കേരള ഗ്രാമീൺ ബാങ്കുമായി ചർച്ച നടത്തിയെങ്കിലും 7.65 ശതമാനം പലിശ ആവശ്യപ്പെട്ടത് വിലങ്ങു തടിയായി. 6.90 ശതമാനമേ നൽകാനാവൂ എന്നാണ് സപ്‌ളൈകോ നിലപാട്.

...............

കൺസോർഷ്യം തന്നു,

ബാങ്കുകൾ തിരിച്ചുപിടിച്ചു

 നെല്ല് വില: 488 കോടി

 നൽകിയത് : 175 കോടി

 കുടിശിക: 313 കോടി

 ബാങ്ക് കൺസോർഷ്യം നൽകിയ വായ്‌പ: 2500 കോടി

 ബാങ്കുകൾക്ക് നൽകാനുണ്ടായിരുന്നത്: 3600 കോടി

 നിലവിൽ കടം : 1100 കോടി

 കേന്ദ്രം നൽകാനുള്ളത്: 550 കോടി

 സംസ്ഥാനം നൽകാനുള്ളത്: 500 കോടി

..........

പാളിപ്പോയ നീക്കം

സംഭരണവില കർഷകർക്ക് നേരിട്ട് നൽകുന്നതിനാണ് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ചേർന്നുള്ള കൺസോർഷ്യവുമായി സപ്‌ളൈകോ കരാർ ഒപ്പിട്ടത്. 6.9 ശതമാനം പലിശനിരക്കിൽ 2500 കോടി രൂപയാണ് വായ്‌പയായി ലഭിച്ചത്. നെല്ല് സംഭരണത്തിനുള്ള പി.ആർ.എസ് (പാഡി റെസീപ്റ്റ് സ്റ്റേറ്റ്മെന്റ്) വായ്‌പാപദ്ധതി പ്രകാരം സപ്‌ളൈകോയുടെ ജാമ്യത്തിൽ ബാങ്കുകളിൽ നിന്ന് കർഷകന് നെല്ലിന്റെ വില 8.5 ശതമാനം പലിശയ്ക്ക് വായ്പയായാണ് നൽകുന്നത്.പിന്നീട് സപ്ലൈകോ ബാങ്കുകൾക്ക് പണം നൽകുമ്പോൾ വായ്പ അടച്ചു തീർത്തതായി കണക്കാക്കും. തിരിച്ചടവ് വൈകുന്നതോടെ കർഷകൻ തിരിച്ചടവ് മുടങ്ങിയവരുടെ പട്ടികയിലാവും. 8.5 ശതമാനം പലിശയ്ക്കു പുറമേ തിരിച്ചടവ് മുടങ്ങുമ്പോഴുള്ള പിഴപ്പലിശയായ രണ്ടു ശതമാനവും സപ്‌ളൈകോ ബാങ്കുകൾക്ക് നൽകേണ്ടി വന്നു.

' കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കനിഞ്ഞാൽ മാത്രമേ ഇനി പണം നൽകാൻ കഴിയൂ. കേന്ദ്ര ഫണ്ട് വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനുള്ള നടപടികൾ പൂർത്തിയായി'

-ബി.സുനിൽ കുമാർ.

പാഡി മാനേജർ ഇൻ- ചാർജ്,സപ്‌ളൈകോ