പാക്കേജ് അഡ്മിഷന് ആവശ്യക്കാർ കൂടുതൽ

ആലപ്പുഴ ആലപ്പുഴ രാജാകേശവദാസ് നീന്തൽകുളത്തിൽ വർഷങ്ങൾക്ക് ശേഷം നീന്തൽ പരിശീലനം പുനരാരംഭിച്ചു. വനിതാ പരിശീലക ഉൾപ്പടെയുള്ള ജീവനക്കാരെ വിന്യസിച്ചതോടെയാണ് ഇന്നലെ മുതൽ പരിശീലനം ആരംഭിച്ചത്. ഫിഫാ വേൾഡ് കപ്പ് ഫൈനൽ മത്സരം രാത്രി വൈകി കഴിഞ്ഞതിന്റെ അടുത്ത ദിവസമായതിനാൽ ഇന്നലെ രാവിലത്തെ ആദ്യ സെഷനിൽ വളരെ കുറച്ചുപേർ മാത്രമാണ് നീന്താനെത്തിയത്.

ഇന്ന് മുതൽ കൂടുതൽ ആളുകൾ വരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ധാരാളം പേർ അഡ്മിഷൻ നേടാനെത്തുന്നുണ്ട്. കൂടുതൽ പേർക്ക് ഒരുമിച്ച് അംഗത്വം എടുക്കാവുന്ന പാക്കേജുകളോടാണ് ക്ലബ്ബുകൾക്ക് താൽപര്യം. അത്‌ലറ്റിക്കോ ഡി ആലപ്പി പോലെ ആലപ്പുഴയിലെ പ്രശസ്ത ക്ലബ്ബുകൾ ഇത്തരത്തിൽ അംഗത്വത്തിന് വേണ്ടി സമീപിച്ചിട്ടുണ്ട്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് 1500 രൂപ നിരക്കിൽ ഒരു മാസം നീന്താനുള്ള ഓഫറിലും ചേരാൻ ധാരാളം പേർ എത്തുന്നുണ്ട്. കുട്ടികളുടെ പരിശീലനത്തിനായി രക്ഷിതാക്കളും അന്വേഷണവുമായെത്തുന്നു. ഈ ആഴ്ച അവസാനത്തോടെ ക്രിസ്മസ് അവധി ആരംഭിക്കുന്നതിനാൽ, കുട്ടികൾക്ക് വേണ്ടി ഹ്രസ്വ അവധിക്കാല പരിശീലനംസംഘടിപ്പിക്കണമെന്ന ആവശ്യവും രക്ഷിതാക്കൾ മുന്നോട്ട് വയ്ക്കുന്നു.

പരിശീലന സമയം - രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെ

സ്ത്രീകൾക്ക് മാത്രം - രാവിലെ 8.30 മുതൽ 9.30 വരെ

ലോകകപ്പ് ഫൈനൽ മത്സരം കഴിഞ്ഞതിന്റെ അടുത്ത ദിനമായതിനാൽ ഇന്നലെ രാവിലത്തെ സെഷനിൽ പൊതുവേ ആള് കുറവായിരുന്നു. ഇന്ന് മുതൽ കൂടുതൽപ്പേർ വന്നുതുടങ്ങും. ധാരാളം പേർ അഡ്മിഷന് വേണ്ടി സമീപിക്കുന്നുണ്ട്

- പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി, സ്പോർട്സ് കൗൺസിൽ