s
മെഡിക്കൽ കോളേജ് ആശുപത്രി

നിഷേധിച്ച് ആശുപത്രി സൂപ്രണ്ട്

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് ശേഷം പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിൽ വച്ച് തുന്നിക്കെട്ടിയതായി പരാതി. പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതർ വീണ്ടും ശസ്‌ത്രക്രിയ നടത്തി. ചമ്പക്കുളം നടുഭാഗം കൊല്ലനേഴി വീട്ടിൽ ലക്ഷ്മിയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് പരാതി. പ്രസവത്തിനു ശേഷം ഒരു മാസം പിന്നിട്ടിട്ടും ലക്ഷ്മിക്ക് ആശുപത്രിവിടാനായിട്ടില്ല. അതേസമയം, കുടുംബത്തിന്റെ ആരോപണം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൾ സലാം നിഷേധിച്ചു.

ലക്ഷ്മിയുടെ വീട്ടുകാർ പറയുന്നത് : കഴിഞ്ഞ മാസം 18ന് സിസേറിയൻ നടന്നു . നാലാം ദിവസം ഡിസ്ചാർജായി. എന്നാൽ വീട്ടിലെത്തിയതിന്റെ പിറ്റേന്ന് രാവിലെ തുന്നിക്കെട്ടിയ ഭാഗത്ത് നിന്ന് പഴുപ്പ് ഒലിക്കാൻ തുടങ്ങി. പഞ്ഞിയുടെ അംശങ്ങളും പുറത്തുവന്നു. അന്ന് തന്നെ ആശുപത്രിയിൽ തിരിച്ചെത്തി. പഞ്ഞിക്കെട്ട് വയറ്റിലുണ്ടെന്ന് പറഞ്ഞെങ്കിലും അധികൃതർ സമ്മതിച്ചില്ല. പകരം പഴുപ്പിനും വേദനയ്ക്കും ചികിത്സ നൽകി. മറ്റൊരു ഡോക്ടറെ വീട്ടിൽ ചെന്നു കണ്ടപ്പോൾ സിസേറിയൻ ചെയ്ത ഡോക്ടറെ തന്നെ കാണാൻ നിർദ്ദേശിച്ചു. വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. ഈ മാസം ആറിന് അനസ്‌തേഷ്യ നൽകി സ്റ്റിച്ച് എടുത്ത് വീണ്ടും തുന്നിക്കെട്ടി. ലക്ഷ്‌മിയെ ഇന്നലെ രാവിലെ വാർഡിലേക്ക് മാറ്റി​.