
വൈക്കം: ഗുരുദേവൻ എന്തിനെയെല്ലാം ഇല്ലാതാക്കാൻ ശ്രമിച്ചോ, അതെല്ലാം പുനസ്ഥാപിക്കാൻ ശ്രമിക്കുന്ന ചില രാഷ്ട്രീയ നേതാക്കൾ ഇവിടെ ഇപ്പോഴുമുണ്ടെന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന് തന്നെ അപമാനമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വൈക്കം യൂണിയൻ പ്രസിഡന്റും കുട്ടനാട് യൂണിയൻ ചെയർമാനുമായ പി.വി.ബിനേഷ് കുട്ടനാട് യൂണിയന് നൽകുന്ന ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന്റെ സമർപ്പണം നിർവ്വഹിക്കുകയായിരുന്നു വെള്ളാപ്പള്ളി. നവോത്ഥാനത്തിന്റെ മണ്ണായ, ടി.കെ.മാധവൻ സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ച കുട്ടനാട്ടിലാണ് കറുത്തവരെ വെറുക്കുന്ന ഒരു നേതാവ്. അദ്ധ്വാനിക്കുന്നവരുടെ നാടാണ് കുട്ടനാട്. അവിടെ ഏറെയും കറുമ്പന്മാരാണ്. ആ കറുത്തവരുടെ വോട്ട് വാങ്ങിയല്ലേ ഈ വെളുത്തവൻ ജയിച്ചത്? അല്ലാതെ ആർക്കും വേണ്ടാത്ത ആ പാർട്ടിയുടെ വോട്ടു കൊണ്ടല്ലല്ലോ. അധികാരത്തിലേറാൻ കറുത്തവനെ വേണം. അതു കഴിഞ്ഞാൽ ചവിട്ടി താഴ്ത്തും. വെളുത്തവരോട് മാത്രം പ്രതിബദ്ധത പുലർത്തുന്ന നേതാക്കളേയും ജനപ്രതിനിധികളേയും നമുക്ക് വേണ്ട. ഇത് കറുത്തവന്റെ മണ്ണാണ്. അവന്റെ അദ്ധ്വാനമാണ് ഈ നാടിനെ വളർത്തിയത്.
നവോത്ഥാനത്തേക്കുറിച്ച് ശക്തമായി പറയുന്നവരാണ് നമ്മൾ. ചാതുർവർണ്യം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന കുട്ടനാട്ടിലെ ജനപ്രതിനിധിയെ പോലുള്ള ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ നാം തിരിച്ചറിയണം. അതിനായി കണ്ണും കാതും തുറന്നു വയ്ക്കണം. കേരളത്തെ പഴയ ഇരുണ്ട ഘട്ടത്തിലേക്ക് തിരികെ നടത്താൻ അനുവദിക്കരുത്. അന്ന് ഗുരുദേവൻ കൊളുത്തിയ വിളക്ക് അണയാതെ സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് ഓരോ ഈഴവനുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഉല്ലലയിൽ പി.വി.ബിനേഷിന്റെ വസതിയായ പ്ലാത്താനത്ത് നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ, സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു, പി.പി.സന്തോഷ്, കെ.വി.പ്രസന്നൻ, രാജേഷ് മോഹൻ, എം.പി.പ്രമോദ്, ടി.എസ്.പ്രദീപ് കുമാർ, ലേഖ ജയപ്രകാശ്, സജേഷ് ശാന്തി തുടങ്ങിയവർ പങ്കെടുത്തു.
വിഗ്രഹഘോഷയാത്രയ്ക്ക് വിവിധ യൂണിയനുകളുടേയും ശാഖകളുടേയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.