ആലപ്പുഴ: ദേശീയപാത ആറുവരി പാതയാക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേ ചാനലിന് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള മണ്ണ് പരിശോധന ആരംഭിച്ചു. നിലവിലുള്ള പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് 441മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. നിലവിലുള്ള സ്പിൽവേയിൽ നിന്നും അഞ്ച് മീറ്റർ ഉയരത്തിലാകും പാലം. 256 പൈലുകളും 15 സ്പാനുകളുമുണ്ടാകും. 14 മീറ്റർ വീതിയുള്ള രണ്ട് പാലങ്ങളിൽ മൂന്ന് മീറ്റർ വീതിയിൽ ട്രാഫിക് ലൈനുകൾ നിർമ്മിക്കും. മണ്ണ് പരിശോധനയ്ക്കായി 20 ദിവസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കളക്ടർ വി.ആർ.കൃഷ്ണതേജ ഇന്നലെ സ്ഥലം സന്ദർശിച്ചു. ഡെപ്യുട്ടി കളക്ടർ കെ.ചന്ദ്രശേഖരൻ നായർ, പ്രോജക്ട് ഡയറക്ടർ സുരേന്ദ്രനാഥ്, പി.വി.സജീവ് തുടങ്ങിയ ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ക്യാപ്ഷൻ
തോട്ടപ്പള്ളി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കളക്ടർ വി.ആർ.കൃഷ്ണ തേജ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു