gbj
വീയപുരം കൃഷിഭവൻ പരിധിയിലെ വെട്ടിപ്പുതുക്കരി പാടശേഖരത്തിലെ പുത്തൻ നിലം മോട്ടോർ തറയിലേക്കുള്ള വെർട്ടിക്കൽ പമ്പ് ജങ്കാറിൽ നിന്ന് ഇറക്കുന്നു

ഹരിപ്പാട് : പരമ്പരാഗതമായി പാടശേഖരങ്ങളിൽ പമ്പിംഗിനായി ഉയോഗിച്ചിരുന്ന പെട്ടിയും പറയും മോട്ടോറും വെർട്ടിക്കൽ പമ്പുകൾക്ക് വഴിമാറുന്നു. വെള്ളത്തിന്റെ അതിസമ്മർദ്ദത്തെ തുടർന്ന് മോട്ടോർ തറ ഇടിഞ്ഞും പൊട്ടിയും പമ്പിംഗ് നടത്താൻ കഴിയാതെ പ്രതിസന്ധി നേരിട്ടിരുന്ന അപ്പർ കുട്ടനാടൻ കർഷകർക്കും പാടശേഖര സമിതികൾക്കും ആശ്വാസമായാണ് പാടശേഖരങ്ങളിൽ വെർട്ടിക്കൽ പമ്പുകളുടെ ഉപയോഗം വ്യാപകമാകുന്നത്.

വെള്ളത്തിനടിയിൽ കിടന്നാണ് വെർട്ടിക്കൽ പമ്പ് പ്രവർത്തിക്കുന്നത്. മോട്ടോറിൽ വെള്ളം കയറി ഉപയോഗ രഹിതമാകുമെന്ന അവസ്ഥയൊന്നും ഇത്തരം പമ്പുകൾക്കില്ല. മൊബൈൽ ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ വീട്ടിലിരുന്നു പമ്പിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. പാനലിൽ സ്ഥാപിച്ചിരിക്കുന്ന സ്വിച്ച് വഴിയോ മൊബൈൽ വഴിയോ ആണ് പമ്പിനെ നിയന്ത്രിക്കുന്നത്. വെള്ളത്തിൽ കിടന്ന് പ്രവർത്തിക്കുന്ന പമ്പ് വെള്ളം വറ്റിയാൽ തനിയെ ഓഫാകും. വീയപുരം കൃഷിഭവൻ പരിധിയിലെ വെട്ടിപ്പുതുക്കരി പാടശേഖരത്തിലെ പുത്തൻ നിലം മോട്ടോർ തറയിലേക്ക് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ എ.ശോഭയുടെ ഇടപെടലിൽ വെർട്ടിക്കൽ പമ്പ് എത്തി. പാടശേഖര സമിതി സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ജിറ്റു കുര്യന്റെ ശ്രമഫലമായാണ് പമ്പ് ലഭ്യമായത്.

വില 7 ലക്ഷം

40 കുതിരശക്തിയുള്ള പമ്പിന് 1600 കിലോഗ്രാം ഭാരമാണുള്ളത്. ഏഴടി നീളവും മൂന്നടി വീതിയുമുള്ള സ്റ്റാൻഡിലാണ് പമ്പ് ഘടിപ്പിക്കുന്നത്. സ്വിച്ച് ബോർഡും അനുബന്ധ ഉപകരണങ്ങളും സംരക്ഷിക്കുന്നത് ഒഴിച്ചാൽ പമ്പ് സംരക്ഷണത്തിന് പ്രത്യേക സംവിധാനം ആവശ്യമില്ല. 40 കുതിര ശക്തിയുള്ള പമ്പിന്റെ വില 7 ലക്ഷം രൂപയാണ്.