ആലപ്പുഴ: കേരളത്തിന്റെ വികസനത്തിന് പോപ്പുലർ ഫ്രണ്ട് ഒപ്പം വേണമെന്ന് കരുതുന്ന ഇടതുസർക്കാർ മതഭീകര സംഘടനകളെ വളം വച്ച് വളർത്തുകയാണെന്ന് കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു. ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ ഓർമ്മ ദിനത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാ ജനസംഗമം നഗരചത്വരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രധാനമന്ത്രി നടപ്പാക്കുന്ന പദ്ധതികൾ ലേബൽ മാറ്റി തന്റേതാക്കിയാണ് പിണറായി വിജയൻ കേരളത്തിൽ അവതരിപ്പിക്കുന്നത്. മറ്റൊരു വികസനവും ഇവിടെ നടക്കുന്നില്ലെന്നും സാധ്വി പറഞ്ഞു. നിരോധിക്കപ്പെട്ട മതഭീകരവാദ സംഘടനയെ പരസ്യമായി പാർട്ടിയിലേക്ക് സ്വീകരിക്കാനുള്ള നീക്കമാണ് ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഇന്നും പോപ്പുലർ ഫ്രണ്ടിന്റെ പല ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഫ്ലെക്സ് ബോർഡുകളും കൊടികളും നീക്കം ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. ജില്ലാപ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, ഒ.ബി.സി മോർച്ച ദേശീയ ജനറൽ സെക്രട്ടറി യെശ്പാൽ സുവർണ, ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി, കെ.സോമൻ, വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.