അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ അത്യാഹിത വിഭാഗത്തിന് തുടക്കം കുറിച്ചു. നിലവിൽ കാർഡിയോളജി വിഭാഗം ഒ.പി പ്രവർത്തിക്കുന്ന സ്ഥലത്താണ് വൈകിട്ട് 3 മുതൽ രാത്രി 9 വരെ അത്യാഹിത വിഭാഗം പ്രവർത്തിക്കുക. അത്യാഹിത വിഭാഗത്തിലെ തിരക്കു മൂലം മെച്ചപ്പെട്ട ചികിത്സ യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരം കാണാനായാണ് നിലവിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നതിന്റെ പടിഞ്ഞാറ് ഭാഗത്തായി പുതിയ വിഭാഗം പ്രവർത്തനമാരംഭിച്ചത്. പ്രിൻസിപ്പൽ ഡോ. ടി.കെ.സുമ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. എ.അബ്ദുൾ സലാമും മറ്റ് ഡോക്ടർമാരും പങ്കെടുത്തു.