s
ചേർത്തല താലൂക്ക് ആശുപത്രി​

കെട്ടിക്കിടക്കുന്നത് 2018 മുതലുള്ള അപേക്ഷകൾ

ചേർത്തല : താലൂക്ക് ആസ്ഥാന ആശുപത്രിയിൽ അമ്മമാർക്കുള്ള പ്രസവാനുകൂല്യ വിതരണം മുടങ്ങിയിട്ട് നാലുവർഷമായി. കേന്ദ്ര സർക്കാരിന്റ ജനനി സുരക്ഷായോജന പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണമാണ് മുടങ്ങിയത്. പദ്ധതി പ്രകാരം കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് അനുവദിച്ച് കൈമാറിയിട്ടും വിതരണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് വിതരണത്തിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറയപ്പെടുന്നു.
ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് 700 ഉം നഗരത്തിലുള്ളവർക്ക് 600ഉം രൂപയാണ് പദ്ധതി പ്രകാരം നൽകുന്നത്. 2018മുതലുള്ള അപേക്ഷകർക്ക് ആനുകൂല്യം വിതരണം ചെയ്യാനുണ്ട്. ആയിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.പദ്ധതിക്കായി ഒമ്പതുമാസം മുമ്പ് 6.90ലക്ഷം അനുവദിച്ചു കൈമാറിയിരുന്നു.
ആശുപത്രി ഭരണ വിഭാഗത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന വിമർശനങ്ങളെ തുടർന്ന് നഗരസഭാ ഇടപെടലിൽ ജീവനക്കാരെ പുനർ വിന്യസിച്ചിരുന്നു.എന്നാൽ ഭരണാനുകൂല സംഘടനയുടെ ഇടപെടലിൽ ഇത് അട്ടിമറിക്കപ്പെട്ടു.

1000 : ആനുകൂല്യങ്ങൾ ലഭിക്കാനുള്ളത് ആയിരത്തോളം പേർക്ക്

പേ വാർഡ് അടഞ്ഞു തന്നെ
താലൂക്ക് ആശുപത്രിയിലെ പേവാർഡിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നു. സ്​റ്റാഫ് നഴ്സുമാരുടെ അഭാവത്തെ തുടർന്നാണ് അ​റ്റകു​റ്റപണികൾ നടത്തി സജ്ജമാക്കിയ വാർഡിൽ രോഗികളെ പ്രവേശിപ്പിക്കാനാകാത്തത്. പ്രത്യേക ക്രമീകരണത്തിൽ കലവൂർ,തുറവൂർ,അരൂക്കു​റ്റി എന്നീ ആശുപത്രികളിൽ ജോലിനോക്കുന്ന മൂന്നു നഴ്സുമാരെ തിരികെ കൊണ്ടുവരാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയിട്ടും അത് പ്രാവർത്തികമായിട്ടില്ല.താലൂക്ക് ആശുപത്രിയിൽ നിന്നുള്ള ആവശ്യപ്രകാരമായിരുന്നു ജില്ലാമെഡിക്കൽ ഓഫീസറുടെ ഉത്തരവ്. നിലവിൽ ആശുപത്രിയിൽ ജോലിനോക്കുന്നവരെ പേ വാർഡിലേക്ക് നിയോഗിച്ചാൽ മ​റ്റു വാർഡുകളിലെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്നാണ് വാദം.

ആനൂകൂല്യ വിതരണത്തിൽ പരാതികളുയരുന്ന സാഹചര്യത്തിൽ പരിശോധന നടത്തി വേണ്ട ക്രമീകരണങ്ങൾ നടത്തും

- ഡോ.എൻ.അനിൽകുമാർ, ആശുപത്രി സൂപ്രണ്ട്