r
പച്ചക്കറി

# അടുക്കളയിൽ ആശ്വാസമായി പച്ചക്കറി വിലയിടിവ്

ആലപ്പുഴ: കൃഷി വകുപ്പിന്റെ 'എല്ലാവരും കൃഷിയിലേക്ക്' പദ്ധതിപ്രകാരം ജില്ലയിൽ 419.2 ഹെക്ടർ സ്ഥലത്ത് നടത്തിയ വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് തുടങ്ങി. ഡിസംബർ 15 വരെ 2399.3 ടൺ പച്ചക്കറിയാണ് വിളവെടുത്തത്. 15,000 ടൺ ആണ് പ്രതീക്ഷ. നാടൻ പച്ചക്കറി വിപണിയിൽ എത്തുകയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് വർദ്ധിക്കുകയും ചെയ്തതോടെ വില കുത്തനേ ഇടിഞ്ഞു തുടങ്ങി.

ജില്ലയിൽ 1963 പച്ചക്കറി കൃഷിക്കൂട്ടങ്ങളും 34 മൂല്യ വർദ്ധിത കൃഷിക്കൂട്ടങ്ങളുമാണ് പദ്ധതിയിലൂടെ വേനൽക്കാല കൃഷിയിറക്കിയത്. വേനലിന് അനുകൂലമായ വെണ്ട, വഴുതന, പാവൽ, പീച്ചിൽ, പടവലം, പച്ചമുളക്, പയർ, ചീര, കുമ്പളം, വെള്ളരി, കുറ്റിപ്പയർ, മഞ്ഞൾ, ഇഞ്ചി, വാഴ, കിഴങ്ങുവർഗം തൈകളും വിത്തുകളുമാണ് കൃഷിവകുപ്പ് വിതരണം ചെയ്തത്. രണ്ടര രൂപ വരുന്ന തൈകൾ സൗജന്യമായി കൃഷിവകുപ്പ് വിതരണം ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത് 20,000 ടൺ പച്ചക്കറിയാണ് ഇതേ പദ്ധതിയിലൂടെ വിളവെടുത്തത്.

# വില ഇടിഞ്ഞു വീണു!

കിലോയ്ക്ക് 15 മുതൽ 40 രൂപ വരെ കുറവാണ് അനുഭവപ്പെട്ടത്. മണ്ഡലകാലം ആരംഭിച്ചപ്പോൾ പച്ചക്കറി വില വർദ്ധിച്ചിരുന്നു. പടവലം, പച്ചമുളക്, പയർ, ചീര, കുമ്പളം, വെള്ളരി, കുറ്റിപ്പയർ എന്നിവ പ്രാദേശിക വിപണികളിൽ നിന്ന് കൂടുതലായി എത്തിത്തുടങ്ങി. മൈസൂർ, ഊട്ടി, തമിഴ്നാട് എന്നിവിടങ്ങളിൽ ഉത്പാദനം വർദ്ധിച്ചു. ബീൻസ് വില 140ൽ നിന്ന് 70 രൂപയായി. കാരറ്റ് 90ൽ നിന്ന് 40, ഉരുളക്കിഴങ്ങ് 48ൽ നിന്ന് 40, വെണ്ടയ്ക്ക 45ൽ നിന്ന് 30, സവാള 35ൽ നിന്ന് 25 എന്നിങ്ങനെയാണ് കുറഞ്ഞത്.

# ലാഭമില്ലെങ്കിലും നഷ്ടമില്ല

വിത്തും വളവും സർക്കാർ സൗജന്യമായി നൽകുന്നതിനാൽ വിപണിയിലെ വിലയിടിവിലും പദ്ധതി പ്രകാരമുള്ള കൃഷിക്കാർക്ക് അദ്ധ്വാനത്തിന് ആനുപാതികമായ നേട്ടമുണ്ട്. കാടുപിടിച്ചു കിടന്ന സ്ഥലങ്ങൾ വൃത്തിയാക്കിയാണ് പലേടത്തും കൃഷിയിറക്കിയത്. ഈ പറമ്പുകൾ വൃത്തിയായി കിടക്കുമെന്നത് മറ്റൊരു നേട്ടം.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കാനായി. നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ വിപണന കേന്ദ്രങ്ങളിൽ പ്രാദേശിക തലത്തിൽ പച്ചക്കറി ഉത്പന്നങ്ങൾ സംഭരിച്ചതിലൂടെ 1821 കർഷകർക്ക് പ്രയോജനം ലഭിച്ചു

ബിജി ജോയി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ

# പച്ചക്കറി കൃഷി

കൃഷിയിറക്കിയത്: 419.2 ഹെക്ടർ

ഇതുവരെ ലഭിച്ച പച്ചക്കറി: 2399.3 മെട്രിക് ടൺ

# കൃഷിക്കൂട്ടങ്ങൾ

പച്ചക്കറി: 1963

മൂല്യവർദ്ധിതം: 34

ലക്ഷ്യം: 15,000 ടൺ പച്ചക്കറി