ആലപ്പുഴ : കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെ മാറ്റാതെ പുതിയ ഇന്ത്യ സൃഷ്ടിക്കാൻ കഴിയില്ലെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു. ദേശീയ സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

തൊഴിലാളി സംഘടനകളെ ഇല്ലാതാക്കാനായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിത ശ്രമങ്ങളാണ് നടക്കുന്നത്. തൊഴിലാളി വിരുദ്ധ, സ്ത്രീവിരുദ്ധ, ദേശവിരുദ്ധ ശക്തിയായ ബി.ജെ.പി സർക്കാരിനെ മാറ്റാനുള്ള ഉത്തരവാദിത്വം തൊഴിലാളി സംഘടനകൾ ഏറ്റെടുക്കണം. ബ്രിട്ടീഷ് കൊളോണിയൽ ഭരണം പിന്തുടരുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഇത് നാശത്തിന് വഴിയൊരുക്കും. ലോകത്തെ തൊഴിലാളി സംഘടനകൾ ഐക്യത്തിന്റെ പാതയിലാണ്. കൊവിഡ് കാലത്ത് ജനങ്ങളെ ചൂഷണം ചെയ്‌ത് കുത്തക മുതലാളിമാർ ലാഭം ഉണ്ടാക്കിയപ്പോൾ തൊഴിലാളികളെ ചേർത്ത് നിർത്തുന്ന രാജ്യങ്ങളാണ് സഹായവുമായി മുന്നോട്ട് വന്നതെന്നും അമർജിത് കൗർ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.