ചേർത്തല : അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്ക തിരുനാളിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നതുൾപ്പടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ മന്ത്റി പി.പ്രസാദ് പങ്കെടുത്ത യോഗം തീരുമാനിച്ചു. തിരുനാളിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ജില്ല കളക്ടർ വി.ആർ.കൃഷ്ണതേജയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.ജനുവരി 10 മുതൽ 27 വരെയാണ് പെരുന്നാൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം വിശ്വാസികൾ എത്തിചേരുന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനവും തിരക്ക് നിയന്ത്റിക്കുന്നതിന് വോളണ്ടിയർമാരുടെ സേവനവും പള്ളിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് റെക്ടർ ഫാദർ സ്റ്റീഫൻ പുന്നയ്ക്കൽ അറിയിച്ചു.
പെരുന്നാളുമായി ബന്ധപ്പെട്ട് കടകൾക്ക് ലൈസൻസ് നൽകുമ്പോൾ തിരിച്ചറിയൽ കാർഡ് നൽകും. ബീച്ചിലേക്കുള്ള വാഹനയാത്ര പ്രധാന ദിവസങ്ങളിൽ നിരോധിക്കും. പെരുന്നാൾ ദിവസങ്ങളിൽ ബീച്ചിൽ ആവശ്യമായ സ്ട്രീറ്റ് ലൈറ്റ്,ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ സജ്ജീകരിക്കും.ഹരിതകർമ്മ സേനയെ ഉപയോഗിച്ച് പ്ലാസ്റ്റിക് ശേഖരിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. പള്ളിയുടെ പരിസരപ്രദേശങ്ങളിലും മറ്റും വ്യാജമദ്യം,നിരോധിത പുകയില ഉത്പ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും വ്യാപനവും തടയുന്നതിനുള്ള നടപടികൾ എക്‌സൈസ് സ്വീകരിക്കും. വിശ്വാസികൾ കടലിൽ ഇറങ്ങുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിക്കും. പെരുന്നാൾ ദിവസങ്ങളിൽ മുടങ്ങാതെ കുടിവെള്ള വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. സബ് കളക്ടർ സൂരജ് ഷാജി,എ.എസ്.പി ജുവനപ്പുടി മഹേഷ്, ചേർത്തല തഹസിൽദാർ കെ.ആർ.മനോജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.