ആലപ്പുഴ: വിമുക്തഭടന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ കേസെടുത്തു. ആലപ്പുഴ നഗരസഭ തത്തംപള്ളി വാർഡിൽ കുളത്താടി വീട്ടിൽ റെജിയുടെ വീടിനുനേരെ തിങ്കളാഴ്ച രാത്രി പത്തോടെയാണ് ആക്രമണമുണ്ടായത്.ഡ്രാഗൺബോട്ട് അസോസിയേഷൻ ദേശീയ സെക്രട്ടറിയായ റെജി ഇല്ലാതിരുന്ന തക്കംനോക്കി വീട്ടിലെത്തിയ ആറംഗസംഘം ഗേറ്റ് ചവിട്ടിത്തുറന്ന് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർക്കുകയും ഭാര്യ ബീനയ്ക്കും മക്കൾക്കും നേരെ ഭീഷണിമുഴക്കുകയും ചെയ്തതായുള്ള പരാതിയിലാണ് കേസെടുത്തത്. റെജിയുടെ വീട്ടിൽ നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയുമായി തർക്കം നിലനിൽക്കുന്നുണ്ട്.