
മുഹമ്മ : മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്റെ മകന്റെ കുത്തേറ്റ് മിനിവാൻ ഡ്രൈവർ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 10 ാം വാർഡ് ബ്യൂട്ടിവെളിക്കു സമീപം വിരുശ്ശേരി വെളിയിൽ അജയൻ (46) ആണ് മരിച്ചത്. സംഭവത്തിനു ശേഷം അജയന്റെ സഹോദരന്റെ മകൻ ശ്രീകാന്ത് (22) ഒളിവിൽപ്പോയി. ഇരുവരും അയൽവാസികളുമാണ്.
ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത് : റോഡുമുക്ക് ജംഗ്ഷനിലെ മിനിവാൻ ഡ്രൈവറായ അജയനും ശ്രീകാന്തുമായി തർക്കം പതിവായിരുന്നു. ഇന്നലെ മദ്യലഹരിയിലായിരുന്ന അജയനും ശ്രീകാന്തുമായി വീടിനടുത്തു വച്ച് തർക്കമുണ്ടായി. തുടർന്ന് വീടിനുള്ളിൽ നിന്ന് കത്തിയെടുത്ത് ശ്രീകാന്ത് അജയന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ആഴത്തിൽ മുറവേറ്റ അജയനെ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടിപിടി കേസുകളിൽ പ്രതിയാണ് ശ്രീകാന്ത്. അജയന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. ഭാര്യ :രമ്യ. മകൾ :ഭാമ (ഏഴാം ക്ലാസ് വിദ്യാർഥിനി ).