 
ആലപ്പുഴ: നഗരത്തിലെ ഗതാഗതപരിഷ്കരണം അംഗീകരിക്കാത്ത സ്വകാര്യ ബസുകൾക്ക് മോട്ടോർ വാഹനവകുപ്പ് പിഴയടിച്ചതോടെ ഇന്നലെ രാവിലെ 11 മുതൽ നഗരത്തിൽ ബസുകാർ നടത്തിയ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു.
ഗതാഗത തിരക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക് റഗുലേറ്ററി അതോറിട്ടിയുടെ തീരുമാനപ്രകാരം ബസ് സ്റ്റോപ്പുകൾ പുനർനിർണയിച്ചത്. എന്നാൽ ആഴ്ചകൾ പിന്നിടുമ്പോഴും പഴയ സ്റ്റോപ്പുകളിൽ തന്നെയാണ് സ്വകാര്യ ബസുകൾ നിറുത്തുന്നത്. ഇത്തരം ബസുകളിലെ ഡ്രൈവർമാരുടെ ലൈസൻസ് പിടിച്ചെടുക്കുകയും പെറ്റി ചുമത്തുകയും ചെയ്യുന്നതടക്കമുള്ള നടപടികളാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചത്. ചിറപ്പിന്റെ തിരക്ക് രൂക്ഷമായ നഗരത്തിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാരെ വലച്ചു. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന തീരദേശ റൂട്ടുകളിൽ അമിത നിരക്ക് നൽകി ഓട്ടോ വിളിച്ചാണ് പലർക്കും പോകേണ്ടി വന്നത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് വീടുകളിലേക്ക് പോകാൻ മാർഗമില്ലാതെ വിദ്യാർത്ഥികളും വിഷമിച്ചു. ഉച്ചയോടെ ആർ.ടി.ഒ സജിപ്രസാദ് വിളിച്ചു ചേർത്ത ചർച്ചയിൽ പണിമുടക്ക് പിൻവലിക്കുന്നതായി ബസ് ജീവനക്കാർ അറിയിച്ചെങ്കിലും പല ബസുകളും ഇന്നലെ ഓടിയില്ല.
# ബസുകാരുടെ വാദം
പുതിയ സ്റ്റോപ്പുകളിൽ പലേടത്തും കാർ അടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇത് മൂലം സ്റ്റോപ്പുകളിൽ നിറുത്താൻ സാധിക്കുന്നില്ല. അന്യായമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാതെ ബസ് തൊഴിലാളികളെ മാത്രം ശിക്ഷിക്കുകയാണ്.
# നഗരസഭയുടെ നിലപാട്
ബസ് ഉടമകൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ജനപ്രതിനിധികൾ തുടങ്ങിയവരുൾപ്പെടുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിരവധി തവണ ചർച്ച ചെയ്താണ് ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചത്. പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ല. ആഴ്ചകൾ പിന്നിടുമ്പോഴും നടപടി പാലിക്കാത്തതിനാൽ പല തവണ ബസ് തൊഴിലാളികൾക്ക് താക്കീത് നൽകി. അവസാന നടപടിയെന്ന നിലയ്ക്കാണ് മോട്ടോർ വകുപ്പ് പെറ്റി ചുമത്തിയത്.
പുതിയ ബസ് സ്റ്റോപ്പുകൾ ഒരു കാരണവശാലും പിൻവലിക്കില്ല. സ്റ്റോപ്പ് മാറ്റി നിറുത്തുന്ന ബസുകൾക്കെതിരെ കർശന നടപടി തുടരും
സജിപ്രസാദ്, ആർ.ടി.ഒ ആലപ്പുഴ
ഒരു കത്ത് പോലും നൽകാതെയാണ് ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. കുട്ടികളുൾപ്പടെയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിച്ച നടപടി ന്യായീകരിക്കാനാവില്ല
സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ
നടപടി നേരിട്ട തൊഴിലാളികളാണ് സമരം നടത്തിയത്. ഉടമകളുടെ സംഘടനകൾക്ക് സമരവുമായി ബന്ധമില്ല. ഇത്ര തിരക്കുള്ള സാഹചര്യത്തിൽ ബസ് ജീവനക്കാർക്ക് അൽപ്പം ഇളവ് നൽകേണ്ടതാണ്
പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്പോർട്ട്