അമ്പലപ്പുഴ: തകഴിയിൽ ആരോഗ്യ വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ഹോട്ടലുകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ഹോട്ടലിന് നോട്ടീസ് നൽകി. തകഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന അമ്പിളി ഹോട്ടലിനാണ് നോട്ടീസ് നൽകിയത്. വൃത്തിഹീനമായി പ്രവർത്തിച്ചതിന്റെ പേരിൽ ഏതാനും മാസം മുമ്പ് ഈ ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകിയിരുന്നു.എന്നാൽ അനുവാദമില്ലാതെ ഈ ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു. ഹോട്ടലുടമക്കെതിരെ കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്തു.തുടർന്ന് എണ്ണ, വെള്ളം എന്നിവയുടെ സാമ്പിളുകൾ മൊബൈൽ ലാബിൽ പരിശോധിക്കുകയും ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിച്ച നീന കഫേക്കും നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ ഓഫീസർ രാഹുൽ രാജ്, തകഴി മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരൻ, ജെ.എച്ച്.ഐമാരായ സൂര്യ, മേഴ്സി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.