ആലപ്പുഴ: തീരദേശ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങുന്ന മുറയ്ക്ക് ഭൂമി വില സംബന്ധിച്ച പ്രത്യേക പാക്കേജിന് സർക്കാർ രൂപം കൊടുക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് നിയമസഭാ സമിതി. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സമിതി യോഗത്തിലാണ് ആവശ്യം ഉയർന്നത്.

തീരദേശ ഹൈവേയുടെ നിർമ്മാണം ബാധിക്കുന്നത് മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളെയാണ്. വീടും തൊഴിലിടങ്ങളും പരമാവധി സംരക്ഷിക്കാനും മതിയായ നഷ്ടപരിഹാരം കൊടുക്കാനും നടപടിയെടുക്കണമെന്നാണ് സമിതിയുടെ അഭിപ്രായമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായ സമിതിയുടെ സിറ്റിംഗിൽ എൻ.കെ. അക്ബർ എം.എൽ.എയും പങ്കെടുത്തു. കളക്ടർ വി.ആർ.കൃഷ്ണ തേജ, നിയമസഭ സമിതി അണ്ടർ സെക്രട്ടറി ബി.അനിൽ കുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ, മത്സ്യഫെഡ് ജനറൽ മാനേജർ ബി.ഷാനവാസ്, എ.ഡി.എം എസ്.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.