ഹരിപ്പാട് : കവറാട്ട് പൊത്തപ്പള്ളി എൽ.പി സ്കൂളിലെ വർണകൂടാരം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധമുയരുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുമായി യാതൊരുവിധ ആലോചനകളും സ്കൂൾ അധികൃതർ നടത്തിയില്ലെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2021-22 വാർഷിക പദ്ധതിയിൽ നിന്ന് 6 ലക്ഷം രൂപയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും സംസ്ഥാന സർക്കാരിന്റെയും വിഹിതവും കൂട്ടിയാണ് ഇത്തരത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകിയത്. നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ ഭരണസമിതിയുമായി ആലോചിച്ചിട്ടായിരുന്നു പ്രവർത്തനങ്ങൾ മുന്നോട്ടു പോയിരുന്നത് എന്നാൽ പണി പൂർത്തീകരിച്ച് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുമായി യാതൊരുവിധ ആലോചനകളും ഉണ്ടായില്ല. പഞ്ചായത്തിലെ കലാ,സാംസ്കാരിക,വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പുകളുടെ പദ്ധതി നടത്തിപ്പിന്റെ നിർവഹണ ഉദ്യോഗസ്ഥ കൂടിയാണ് ഈ സ്കൂളിലെ പ്രധാമാധ്യാപിക. വർണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം സംബന്ധിച്ചുള്ള അറിയിപ്പ് രണ്ടുദിവസം മുമ്പ് മാത്രമാണ് ഫോൺ കോളുകളിലൂടെയും വാട്സ് ആപ്പ് സന്ദേശത്തിലൂടെയും അറിയിച്ചത്. എം. പി പങ്കെടുക്കുന്നതിനാൽ പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള പരിപാടിയാകണമെന്നുള്ളതുകൊണ്ട് മറ്റൊരു ദിവസത്തേക്ക് ചടങ്ങ് മാറ്റണമെന്ന് പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി കൂടി തീരുമാനിച്ച് രേഖാമൂലം പ്രധാമാധ്യാപികയെ അറിയിക്കുകയും ചെയ്തു. ഇത് അവഗണിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഉപയോഗിച്ച് ഉദ്ഘാടനം നടത്തി. എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ അവഹേളിക്കുന്ന തരത്തിൽ സമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതായും പഞ്ചായത്ത് ഭാരവാഹികൾ ആരോപിച്ചു. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി, വൈസ് പ്രസിഡന്റ് യു. പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ശരവണ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സോണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.