ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നഗരസഭ ചത്വരത്തിൽ ആരംഭിച്ച ജില്ലാതല എക്സിബിഷനിൽ അടുക്കള വിഭവങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ലഭ്യമാക്കി അണിനിരക്കുന്നത് അൻപതിലധികം സംരംഭകർ. ജില്ലയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള സ്വകാര്യ സംരംഭകർ അവരവരുടെ തനത് ഉത്പന്നങ്ങളാണ് പ്രദർശനത്തിന് എത്തിച്ചിട്ടുള്ളത്.
ഭൂരിഭാഗം പേരും വീട് കേന്ദ്രീകരിച്ച് ചെറുകിട വ്യവസായം നടത്തുന്നവരാണ്. ഔഷധ കൊതുകുതിരി, ആയുർവേദ മരുന്നുകൾ, അച്ചാറുകൾ, ബേക്കറി വിഭവങ്ങൾ, പലതരം പപ്പടങ്ങൾ, പേപ്പർ ബാഗുകൾ, ടിഷ്യു പേപ്പർ, കരകൗശല വസ്തുക്കൾ, ബാഗുകൾ, ആഭരണങ്ങൾ തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങളാണ് അണിനിരത്തിയിട്ടുള്ളത്. കുരുമുളക് പപ്പടം, വെളുത്തുള്ളി പപ്പടം, കരിക്കിൻ ചിപ്സ് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങൾ തേടി ആളുകൾ എത്തുന്നുണ്ട്.
ഓർഡർ അനുസരിച്ച് വീടുകളിൽ നെയിംബോർഡുകൾ അടക്കം സ്ഥാപിക്കുന്നതിന് വ്യത്യസ്ത മോഡലുകളുമായി ഇന്റീരിയർ ഡിസൈൻ സ്ഥാപനത്തിന്റെ സ്റ്റാൾ, കയർഫെഡിന്റെ സ്റ്റാൾ,വിവിധതരം ഫർണീച്ചറുകളുടെ സ്റ്റാളുകൾ എന്നിവയുമുണ്ട്. നഗരചത്വരം കോമ്പൗണ്ടിൽ രണ്ട് വ്യത്യസ്ത പന്തലുകളിലായി നടക്കുന്ന പ്രദർശനം ഇന്ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
പ്രവർത്തന സമയം
രാവിലെ 10.30 മുതൽ രാത്രി 9 വരെ
ജില്ലാതല എക്സിബിഷൻ ആയതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും സംരംഭകർ എത്തിയിട്ടുണ്ട്. വീട്ടിലേക്ക് വേണ്ട ഒട്ടുമിക്ക ഉത്പന്നങ്ങളും ലഭ്യമാണ്. സംരംഭകർ സ്വന്തം വീടുകളിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളായതിനാൽ വിശ്വസിച്ച് വാങ്ങാം- വ്യവസായ കേന്ദ്രം അധികൃതർ