കായംകുളം: താലൂക്ക് ആശുപത്രിയിലെ ഒ.പി കൗണ്ടറിൽ അതിക്രമിച്ച് കയറി ഗൈനക്കോളജി ഓ.പി മുറിയുടെ ഗ്ലാസ് ഡോറും കസേരകളും ടോക്കൺ മെഷീനും മറ്റും തല്ലിത്തകർത്ത കേസിൽ ഒന്നാം പ്രതി കായംകുളം വില്ലേജ് ചിറക്കടവം മുറിയിൽ ഗീതാഞ്ജലി വീട്ടിൽ അരുൺ (അന്തപ്പൻ- 31) ആണ് പിടിയിലായത്. ചെന്നൈ, പാലക്കാട്, വർക്കല എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കേസിലെ രണ്ട് മുതൽ നാല് വരെ പ്രതികളായ സാജിദ്, സുധീർ, വിനോദ് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. നിരവധി കേസുകളിൽ പ്രതിയും കായംകുളത്തെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് അരുൺ. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നിർദേശാനുസരണം സി.ഐ മുഹമ്മദ് ഷാഫിയുടെ മേൽനോട്ടത്തിൽ എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐമാരായ ഉദയകുമാർ, നവീൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.