# അക്രമം ഭയന്ന് നാട്ടുകാർ പരാതിപ്പെടുന്നില്ല
ചാരുംമൂട്: പാലമേൽ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ ലഹരി വസ്തുക്കളുടെ വില്പന വ്യാപകമായെന്നു പരാതി.
ആദിക്കാട്ടുകുളങ്ങരയടക്കമുള്ള പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് കഞ്ചാവടക്കമുള്ള ലഹരി മരുന്നുകളുടെയും, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും വില്‍പന പൊടിപൊടിക്കുന്നത്.
കാറുകളിലും ബൈക്കുകളിലും എത്തിയാണ് കച്ചവടം. ആളൊഴിഞ്ഞ പറമ്പുകളിലും കനാൽ റോഡുകളിലും എത്തുന്ന സംഘം ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ കൈമാറും. ലഹരി വസ്തുക്കൾ വിൽക്കുന്ന കടകളും വ്യാപകമാണ്. പ്രദേശങ്ങളിൽ പൊലീസ്, എക്സൈസ് അധികൃതരുടെ പരിശോധന ശക്തമല്ലെന്നും ആക്ഷേപമുണ്ട്. യുവാക്കളും വിദ്യാർത്ഥികളുമാണ് ഉപഭോക്താക്കളിൽ അധികവും.
15നും 16നും മുകളിൽ പ്രായമുള്ള പ്ലസ്ടു-ഡിഗ്രി വിദ്യാർത്ഥികൾ ലഹരിയുടെ പിടിയിലാണ്. വിദ്യാർത്ഥികളെ ലഹരി വിപണനത്തിനും ഉപയോഗിക്കുന്നുണ്ട്. പണം ലഭിക്കുമെന്നതിനാൽ കുട്ടികൾ ഇവരുടെ കെണിയിൽപ്പെടുന്നു.
ആദിക്കാട്ടുകുളങ്ങര, അമ്മൻകോവിൽ, മാമൂട്, മറ്റപ്പള്ളി, മൈലാടും മുകൾ, കഞ്ചുകോട്, പുലിക്കുന്ന്, കരിങ്ങാലി പുഞ്ച, മലയോര പ്രദേശങ്ങൾ, വയൽ പ്രദേശങ്ങൾ, ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവ കഞ്ചാവ് വില്‌പനക്കാരുടെ കേന്ദ്രമാണ്. ഇരുചക്ര വാഹനത്തിൽ 'മൊബൈൽ' മദ്യക്കച്ചവടക്കാരും വ്യാപകമാണ്. പ്രത്യേക ഏജൻസിയും മദ്യവിതരണത്തിന് പ്രവർത്തിക്കുന്നുണ്ട്. ലഹരി മാഫിയ- ഗുണ്ടാസംഘം ആക്രമിക്കുമെന്ന് ഭയന്ന് നാട്ടുകാർ മൗനം പാലിക്കുകയാണ്.
# അധികൃതർ ഇടപെടണം
കഴിഞ്ഞ ദിവസം മയക്കുമരുന്നിന്റെ ലഹരിയിൽ കാറിൽ ബൈക്ക് ഇടിപ്പിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെയും കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് ഇതിനു പിന്നിലെന്നും നാട്ടുകാർ പറയുന്നു. എക്‌സസൈസും പൊലീസും കാര്യക്ഷമമായി ഇടപെടണമെന്നും ഇത്തരക്കാരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.