karingali-
കരിങ്ങാലി പുഞ്ച

വെള്ളം വറ്റിക്കാനാവുന്നില്ല, വലഞ്ഞ് കർഷകർ

ചാരുംമൂട്: കഴിഞ്ഞ വർഷത്തെ പുഞ്ചക്കൃഷിക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച വകയിൽ കെ.എസ്.ഇ.ബിയിൽ വരുത്തിയ 1.70 ലക്ഷം രൂപ കുടിശ്ശിക അടയ്ക്കാത്തതിനാൽ കരിങ്ങാലിച്ചാൽ പുഞ്ചയിലെ 225 ഏക്കർ പ്രദേശത്തെ നെൽക്കൃഷി പ്രതിസന്ധിയിൽ. പള്ളിമുക്കം തെക്ക് എ​ ബ്ലോക്ക്, നൂറുകോടി ബ്ലോക്ക് പാടശേഖരങ്ങളിലെ നൂറോളം കർഷകർക്കാണ് കൃഷിയിറക്കാൻ കഴിയാത്തത്.

പുഞ്ചയിലെ മൂന്നു മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രഥമിക നടപടികൾ കർഷകർ ഇതിനോടകം നടത്തി വൈദ്യുതി എത്തുന്നതും കാത്തിരിക്കുകയാണ്. മുൻ കാലങ്ങളിൽ കൃഷി വകുപ്പ് നേരിട്ടാണ് വെദ്യുതി ചാർജ് അടച്ചിരുന്നത്. കർഷക ക്ലസ്റ്ററുകൾ രൂപവത്കരിച്ച് രജിസ്റ്റർ ചെയ്ത് അതുവഴി വൈദ്യുതി ചാർജ് അടയ്ക്കണമെന്ന പുതിയ നിയമമാണ് കർഷകരെ വെട്ടിലാക്കിയിരിക്കുന്നത്. പലേടത്തും ക്ലസ്റ്റർ രൂപവത്കരണം പോലും ഇതേവരെ നടന്നിട്ടില്ല. വൈദ്യുതി ചാർജ് അടയ്ക്കണമെങ്കിൽ കൃഷിവകുപ്പിന് ലഭിക്കുന്ന ഫണ്ട് ക്ലസ്റ്ററുകൾക്ക് കൈമാറണം.

പള്ളിമുക്കം ഏലിയാസ് നഗർ ബണ്ടിനു തെക്കുഭാഗത്താണ് പാടശേഖരങ്ങൾ. എല്ലാ വർഷവും ഡിസംബർ ആദ്യം കൃഷിയിറക്കി മാർച്ചിൽ കൊയ്ത്തു നടത്തിയിരുന്നതാണ്. വെള്ളം വറ്റിക്കാത്തതിനാൽ കൃഷിയൊരുക്കം നടത്താനായിട്ടില്ല. വൈദ്യുതി ലഭിച്ചാൽ വെള്ളം വറ്റാൻ രണ്ടാഴ്ചയെങ്കിലും മോട്ടോറുകൾ പ്രവർത്തിപ്പിക്കണം.120 ദിവസത്തെ വിളവുള്ള ഉമ നെൽവിത്താണ് കൃഷിഭവൻ വഴി നൽകിയിട്ടുള്ളത്. കൃഷിയിറക്കാൻ വൈകിയാൽ കൊയ്ത്തും വൈകും. കാലംതെറ്റി മഴപെയ്ത് പുഞ്ചയിൽ വെള്ളം കയറിയാൽ കൃഷി മൊത്തം നശിച്ചുപോകാനുള്ള സാദ്ധ്യതയുണ്ട്. മുമ്പ് ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു.


കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കരിങ്ങാലി പുഞ്ചയിലെ വെള്ളം വറ്റിക്കാൻ കൃഷിവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. വെള്ളം വറ്റിക്കാൻ താമസിച്ചാൽ കൃഷിയിറക്കാനും വിളവെടുപ്പിനും താമസമുണ്ടാകും. കാലം തെറ്റിയുണ്ടാകുന്ന മഴ കാരണം പുഞ്ചയിൽ വെള്ളം പൊങ്ങി കൃഷി നശിക്കും

സി.ബിജു, സെക്രട്ടറി, പള്ളിമുക്കം തെക്ക് പാടശേഖര സമിതി


കർഷക ക്ലസ്റ്ററുകൾ രൂപവത്കരിച്ച് രജിസ്റ്റർ ചെയ്ത് അതുവഴി വൈദ്യുതി ചാർജ് അടയ്ക്കണമെന്ന പുതിയ നിയമമാണ് പ്രശ്നമായത്. ക്ലസ്റ്റർ രൂപവത്കരണം പൂർത്തിയായിട്ടില്ല. കൃഷിവകുപ്പിന് ലഭിക്കുന്ന തുക ക്ലസ്റ്ററുകൾക്ക് കൈമാറുന്നതിനുള്ള കാലതാമസമാണ് മോട്ടോർ തറകൾക്കുള്ള വൈദ്യുതി വൈകിപ്പിക്കുന്നത്

പി.രജിനി,കൃഷി അസി.ഡയറക്ടർ, ചാരുംമൂട്