 
# പുതുക്കിയ എസ്റ്റമേറ്റ് തുക 129 കോടി
ആലപ്പുഴ: ജില്ലക്കോടതിപ്പാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തുള്ള 146 വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ 152 കെട്ടിടങ്ങൾ പൊളിച്ചു നീക്കും. ബോട്ട് ജെട്ടിക്ക് സമീപമുള്ള അഞ്ച് കടമുറികളുടെ തർക്കം കോടതിയിലായതിനാൽ ഇവ ഒഴികെ മുഴുവൻ വ്യാപാരികൾക്കും സ്ഥലം ഉടമകൾക്കും നഷ്ടപരിഹാരത്തുക കൈമാറി.
288 സെന്റ് ഏറ്റെടുക്കാൻ കിഫ്ബി 20.06 കോടിയാണ് ചെലവഴിച്ചത്. കെട്ടിടങ്ങൾ പൊളിച്ച് സ്ഥലം ഏറ്റെടുത്ത് പാലം പുനർ നിർമ്മിക്കാനുള്ള പദ്ധതി നിർമ്മാണ ചുമതലയുള്ള കെ.ആർ.എഫ്.ബിക്ക് (കേരള റോഡ് ഫണ്ട് ബോർഡ്) കൈമാറണം. 2016ലെ റേറ്റ് അനുസരിച്ചുള്ള എസ്റ്റിമേറ്റ് 120.53 കോടിയായിരുന്നു. നിർമ്മാണ വസ്തുക്കളുടെ വില വർദ്ധനവിനെ തുടർന്ന് 2018ൽ എസ്റ്റിമേറ്റ് പുതുക്കി 129 കോടിയാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. അംഗീകാരം ലഭിച്ചാലും ടെണ്ടർ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കണമെങ്കിൽ കുറഞ്ഞത് നാലുമാസം കാത്തിരിക്കണം. നിലവിലെ പാലത്തിന്റെ ഇരുകരകളിലും നാൽക്കവലകളോടു കൂടിയാണ് നിർമ്മാണം.
# ഗവ. ഓഫീസുകൾ മാറും
കൃഷി അസി.ഡയറക്ടർ ഓഫീസ്, മുല്ലയ്ക്കൽ കൃഷി ഓഫീസ്, ഹൈഡ്രോളജി വിഭാഗം, പൊലീസ് കൺട്രോൾ റൂം, ആലപ്പുഴ ബോട്ട് ജെട്ടി എന്നിവ പൂർണ്ണമായും മൃഗാശുപത്രി ഭാഗികമായും നീക്കണം. പകരം ഓഫീസ് കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മാസങ്ങൾക്ക് മുമ്പ് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് കൺട്രോൾ റൂം റബ്ബർ ഫാക്ടറിക്ക് സമീപത്തേക്കും മൃഗാശുപത്രി ബീച്ചിന് സമീപത്തേക്കും മാറും. കൃഷി ഓഫീസിന് നഗരസഭ സ്ഥലം കണ്ടെത്തും. ജലസേചന വകുപ്പിന്റെ ഹൈഡ്രോളജി വിഭാഗം, ആലപ്പുഴ ബോട്ട് ജെട്ടി, പൊലീസ് കൺട്രോൾ റൂം എന്നിവ പൂർണമായും പൊളിച്ചുമാറ്റും. നിലവിലെ ബോട്ട് ജെട്ടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു കിഴക്കുള്ള മാതാജെട്ടിയിലേക്ക് മാറ്റും.
................................
# പുതിയ നിർമ്മാണം മൂന്ന് വരിയിൽ
# റൗണ്ടിലാണ് പാലം നിർമ്മാണം
# വാടക്കനാലിന്റെ ഇരുകരകളിലും ഫ്‌ളൈഓവർ: 5.5 മീറ്റർ വീതി
# അണ്ടർപാത: 7.5 മീറ്റർ വീതി
# റാമ്പ്: 5.5 മീറ്റർ വീതി
..................................
@ കുരുക്കഴിയും
വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്ത് നിന്നും തെക്കേകരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നും ഫ്‌ളൈഓവറും അണ്ടർപാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിന് സമീപം അവസാനിക്കും. നിർമ്മാണ ജോലികൾ പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കും.
ജനുവരിയിൽ കെട്ടിടങ്ങൾ ഒഴിപ്പിക്കൽ ആരംഭിക്കും. പുതുക്കിയ 129 കോടിയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി കിഫ്ബിയിൽ സമർപ്പിച്ചു. അംഗീകാരം ലഭിച്ചാൽ ഉടൻ ടെണ്ടർ നടപടികൾ പൂർത്തീകരിക്കും
ജയകുമാർ, എൻജിനീയർ, കേരള റോഡ് ഫണ്ട് ബോർഡ്