 
അമ്പലപ്പുഴ : ദേശീയ സൈക്കിൾ പോളോ മത്സരത്തിന് പോയി നാഗ്പൂരിൽ വച്ച് മരിച്ച നിദ ഫാത്തിമയുടെ (10) വേർപാട് നീർക്കുന്നം എസ്.ഡി.വി സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തീരാനൊമ്പരമായി. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ 18 ന് നാഗ്പൂരിലേക്ക് പോയ നിദ വിജയശ്രീലാളിതയായി തിരിച്ചു വരുന്നതും കാത്തിരുന്ന സ്കൂളിലേക്ക് ഇന്നലെ എത്തിയത് മരണവാർത്ത ആയിരുന്നു.കാക്കാഴം സുഹ്റമൻസിലിൽ ഷിഹാബുദ്ദീൻ അബൂബക്കർ - അൻസില ദമ്പതികളുടെ മകളായ നിദ പഠനത്തിനൊപ്പം മറ്റ് പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു. ശാസ്ത്രമേളകളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. നിദ വിടവാങ്ങിയ വാർത്തയറിഞ്ഞ് സഹപാഠികളും അദ്ധ്യാപകരും വിതുമ്പുകയായിരുന്നു.
ഏതാനും ദിവസം മുൻപ് തങ്ങളോട് യാത്ര പറഞ്ഞു പോയ കൂട്ടുകാരി തിരിച്ചു വരില്ലെന്ന് അവർക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. നിദാസ് വേൾഡ് എന്ന പേരിലുള്ള നിദയുടെ യുട്യൂബ് ചാനലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രാഫ്റ്റ് വർക്ക് ഉൾപ്പടെ സ്കൂൾ വിശേഷങ്ങൾ എല്ലാം നിദ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുമായിരുന്നു.
അടിയന്തര അന്വേഷണം വേണം:
ഒളിമ്പിക് അസോസിയേഷൻ
ആലപ്പുഴ : നിദ ഫാത്തിമയുടെ ആകസ്മിക മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ആവശ്യപ്പെട്ടു .കോടതി വിധി സമ്പാദിച്ചു ചാമ്പ്യൻഷിപ്പിന് പോയ കേരള ടീം അംഗങ്ങളോട് ഫെഡറേഷന്റെ ഭാഗത്തു നിന്നുണ്ടായ അവഗണന അംഗീകരിക്കാൻ കഴിയാത്തതാണ്. അസോസിയേഷനുകളുടെ തർക്കം മൂലം കഴിവുള്ള നിരവധി കായികതാരങ്ങൾക്ക് ജീവൻ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി, സംഭവത്തെപ്പറ്റി അടിയന്തര അന്വേഷണം നടത്തി അതിവേഗത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് പ്രസിഡന്റ് വി.ജി.വിഷ്ണു ആവശ്യപ്പെട്ടു.