ആലപ്പുഴ: ബാലാവകാശം സംരക്ഷിക്കുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ബാലാവകാശ സംരക്ഷണ കമ്മിഷൻ സംഘടിപ്പിച്ച ബാലസൗഹൃദ കേരളം ഏകദിന ബോധവത്കരണ ശില്പശാല പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ കുഞ്ഞുങ്ങളുടെ മരണനിരക്ക് ആറാണ് (ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ആറ് കുഞ്ഞുങ്ങൾ മരിക്കുന്നു). ഇത് ഇനിയും കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണ് ഹൃദ്യം. കുട്ടികളിൽ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി പ്രകാരം 5000 കുട്ടികൾക്കാണ് ഇതുവരെ സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നൽകിയതെന്നും വീണാ ജോർജ് വ്യക്തമാക്കി.
പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷണൻ അദ്ധ്യക്ഷൻ കെ.വി.മനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തി. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങളായ ജലജ ചന്ദ്രൻ, സി.വിജയകുമാർ, പി.ശ്യാമളാദേവി, ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ ജി.വസന്തകുമാരി, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എൽ.ഷീബ, തിരുവനന്തപുരം മെഡിക്കൽ കോളേജ് അസി.പ്രൊഫസർ ഡോ.മോഹൻ റോയ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ എന്നിവർ പങ്കെടുത്തു. .