
ആലപ്പുഴ: ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിന്,റസി. അസോ. ട്രഷററായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ ഉടമയായ സി.ഐ.ടി.യു പ്രവർത്തകനും സഹായിയും ചേർന്ന് മർദിച്ചതായി പരാതി. സി.പി.എം ആലപ്പുഴ മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറിയും മുല്ലയ്ക്കൽ നന്മ റെസിഡൻസ് അസോസിയേഷൻ ട്രഷററുമായ സോണി ജോസഫിനാണ് (37) മർദ്ദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. വാഹനത്തിലെത്തിയ സോണി ജോസഫിനെ ആലപ്പുഴ ഫയർഫോഴ്സ് ഓഫീസിനു സമീപം തടഞ്ഞുനിറുത്തിയാണ് സി.ഐ.ടി.യു പ്രവർത്തകനും സഹായിയും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. സംഭവസ്ഥലത്തിനു സമീപം പ്രവർത്തിക്കുന്ന ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. ഹോംസ്റ്റേ കേന്ദ്രീകരിച്ച് നേരത്തെയും അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നു. അന്ന് വാർഡ് കൗൺസിലറും റസിഡൻസ് അസോസിയേഷനും പ്രതിഷേധിച്ചതോടെ പൊലീസ് പൂട്ടിച്ചു. തുടർന്നാണ് നിലവിലെ നടത്തിപ്പുകാരൻ ഏറ്റെടുത്തത്. കഴിഞ്ഞദിവസം അസോസിയേഷൻ ഭാരവാഹികൾ നടത്തിപ്പുകാരനെ നേരിൽ കണ്ട് അനാശാസ്യ പ്രവർത്തങ്ങൾ പാടില്ലെന്ന് താക്കീത് നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാകാം അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.