t
റേഷൻ കട

# പരിശോധന നടന്നത് 3 കടകളിൽ

ആലപ്പുഴ: ഓപ്പറേഷൻ സുഭിക്ഷയുടെ ഭാഗമായി ജില്ലയിലെ മൂന്നുറേഷൻ കടകളിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റോക്കിൽ വ്യത്യാസം കണ്ടെത്തി. കായംകുളത്തെ എ.ആർ.ഡി 193, തകഴിയിലെ എ.ആർ.ഡി 257, ചന്തിരൂർ എ.ആർ.ഡി 43 എന്നീ കടകളിലായിരുന്നു പരിശോധന.

സ്റ്റോക്കിനേക്കാൾ കുറവും കൂടുതലും ഭക്ഷ്യസാധനങ്ങൾ ഈ കടകളിൽ കണ്ടെത്തി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ വിതരണത്തിലും വീഴ്ചയുണ്ടെന്ന് വ്യക്തമായി. പദ്ധതിയെ കുറിച്ച് അറിവില്ലാത്ത പട്ടികവിഭാഗത്തിൽപ്പെട്ട കാർഡുടമകളിൽ പലർക്കും അരി നൽകിയിരുന്നില്ല. റേഷൻ ഭക്ഷ്യധാന്യങ്ങൾ മറിച്ചുവിൽക്കുന്നുണ്ടെന്നും കാർഡുടമകൾക്ക് അർഹതപ്പെട്ട അളവിൽ ലഭിക്കുന്നില്ലെന്നും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് പരിശോധന ആരംഭിച്ചത്. അന്ന് ഏഴുജില്ലകളിലും ഇന്നലെ ആലപ്പുഴ ഉൾപ്പെടെയുള്ള ഏഴു ജില്ലകളിലുമാണ് പരിശോധന നടന്നത്. വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, ഇൻസ്‌പെക്ടർമാരായ സുനിൽ, രാജേഷ്, പ്രശാന്ത്, എ.എസ്.ഐമാരായ ബൈജു, ജയലാൽ, സി.പി.ഒമാരായ ലിജു, ഗീതു, രജനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ പരിശോധന.