s
റേഷനരി

ആലപ്പുഴ: ചുമട്ടുതൊഴിലാളികളുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ആലപ്പുഴ എൻ.എഫ്.എസ്.എ സംഭരണ കേന്ദ്രത്തിൽ നിന്ന് റേഷൻ കടകളിലേക്കുള്ള അരി വിതരണം മുടങ്ങി. അമ്പലപ്പുഴ താലൂക്കിലെ റേഷൻ കടകളിലേക്കുള്ള പി.എം.ജി.കെ.എ.വൈ അരിവിതരണമാണ് തടസപ്പെട്ടത്. തൊഴിലാളികളുടെ കൂലി ക്ഷേമനിധി ബോർഡിലേക്കാണ് കരാറുകാരൻ അടയ്‌ക്കേണ്ടത്. എന്നാൽ ഇത് കൃത്യമായി അടയ്ക്കാൻ കരാറുകാരൻ തയ്യാറാകുന്നില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. 16 ലക്ഷം രൂപ കുടിശികയുണ്ടായിരുന്നു. ഇതിൽ എട്ടുലക്ഷം രൂപ അടുത്തിടെ അടച്ചിരുന്നു. ബാക്കി ബുധനാഴ്ച അടയ്ക്കാമെന്നാണ് കരാറുകാരൻ അറിയിച്ചിരുന്നെങ്കിലും പാലിച്ചില്ല. തുടർന്നാണ് ഇന്നലെ രാവിലെ മുതൽ തൊഴിലാളികൾ പണിമുടക്കിയത്. ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്ന് ഉച്ചയോടെ പണിമുടക്ക് പിൻവലിക്കാൻ തൊഴിലാളികൾ തയ്യാറായെങ്കിലും റേഷൻകടകളുടെ പ്രവർത്തന സമയം കഴിഞ്ഞതിനാൽ വിതരണം നടന്നില്ല. ഡിസംബർ മാസത്തെ പി.എം.ജി.കെ.എ.വൈ അരിവിഹിതം റേഷൻ കടകളിൽ എത്താനുണ്ട്.