photo

ആലപ്പുഴ: കണ്ണൂർ അഞ്ചരക്കണ്ടിപ്പുഴയുടെ തീരങ്ങൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന 'നഗരസഞ്ചയ" പദ്ധതിയുടെ നടത്തിപ്പ് ചുമതല കയർഫെഡിന് ലഭിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ മണ്ണ് ഗവേഷണ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

40 ലക്ഷം രൂപയുടേതാണ് ഓർഡർ. പുഴയുടെ തീരങ്ങൾ കയർഭൂവസ്ത്രം മുളയാണി ഉപയോഗിച്ച് വിതാനിച്ചശേഷം സ്ഥലത്തിന് യോജിച്ച പുല്ല് നടുന്നതാണ് പദ്ധതി. സമാനമായ മുൻ പദ്ധതികൾ നടത്തി പരിചയസമ്പന്നരായ ജീവനക്കാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവിൽ കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ എം.ജി.എൻ.ആർ.ജി.എസ് മുഖാന്തരം കയർഫെഡ് കയർഭൂവസ്ത്രം വിതരണം ചെയ്യുന്നുണ്ട്.

കോട്ടപ്പുറം ഡിപ്പോ ഉദ്ഘാടനം

നവീകരിച്ച കയർഫെഡ് കോട്ടപ്പുറം ഡിപ്പോ കയർഫെഡ് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു. കയർഫെഡിന്റെ കൊടുങ്ങല്ലൂർ കോട്ടപ്പുറത്തെ യാൺഡിപ്പോ 1979ൽ ഉദ്ഘാടനം ചെയ്തതാണ്.

കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയുടെ കൈവരിയുടെ തീരത്താണിത്. കാലപ്പഴക്കം മൂലം ബലക്ഷയം വന്ന കെട്ടിടവും ഗോഡൗണും നവീകരിക്കുകയായിരുന്നു. മുൻമന്ത്രി ഡോ.തോമസ് ഐസക് രണ്ടാം കയർ പുനഃസംഘടനയുടെ ഭാഗമായി ഒരുകോടി രൂപ പദ്ധതിക്കായി കയർഫെഡിന് അനുവദിച്ചിരുന്നു.

ചടങ്ങിൽ കയർഫെഡ് എക്സിക്യുട്ടീവ് കമ്മിറ്റിഅംഗം എസ്.എൽ.സജികുമാർ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.എസ്.മണി, ഭരണസമിതി അംഗങ്ങളായ എ.പ്രേമൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ വി.ബിജു റിപ്പോർട്ട് അവതരിപ്പിച്ചു.